അതിഥി മന്ദിരത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതര്‍;സമരം തുടര്‍ന്ന് പ്രിയങ്കയും അനുയായികളും

പ്രിയങ്ക പ്രതിഷേധമവസാനിച്ച് പോവുന്നതിനായാണ് അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് ചുന്നാറില്‍ പ്രിയങ്കയോടൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

അതിഥി മന്ദിരത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതര്‍;സമരം തുടര്‍ന്ന് പ്രിയങ്കയും അനുയായികളും

ലക്‌നൗ: സോന്‍ഭദ്ര കൂട്ടക്കൊലയില്‍ ഇരകളായവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിക്കുന്ന പ്രിയങ്ക ഗാന്ധിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പിരിച്ചുവിടാന്‍ അധികൃതര്‍ അതിഥി മന്ദിരത്തിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. എന്നാല്‍, പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രിയങ്കയും പ്രവര്‍ത്തകരും മൊബൈല്‍ വെളിച്ചത്തില്‍ കുത്തിയിരിപ്പ് പ്രതിഷേധം തുടരുകയാണ്.പ്രിയങ്ക പ്രതിഷേധമവസാനിച്ച് പോവുന്നതിനായാണ് അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് ചുന്നാറില്‍ പ്രിയങ്കയോടൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

എന്തുകൊണ്ട് തന്നെ തടഞ്ഞുവെന്ന് ഭരണകൂടം വ്യക്തമാക്കുന്നതുവരെ ഇവിടെ തുടരും. ഇരകളുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ ആര്‍ക്കും തടയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നിര്‍ബന്ധപൂര്‍വ്വം ഗസ്റ്റ് ഹൗസില്‍നിന്നും മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജില്ലാ അധികാരികള്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചത്. അവര്‍ ഞങ്ങളെ എത്രമാത്രം ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചാലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്നും ഇവിടം വിട്ടു പോവില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശിവ കുമാര്‍ സിങ് പട്ടേല്‍ പറഞ്ഞു.

ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാന്‍ സോന്‍ഭാദ്രയിലേക്ക് പോകവേയാണ് പ്രിയങ്കയെ പോലിസ് തടഞ്ഞത്. സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രിയങ്കയെ മിര്‍സാപ്പൂരില്‍ വച്ച് തടയുകയായിരുന്നു.

താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പോലിസ് അനുമതി നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മിര്‍സാപ്പൂരിലും പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സോന്‍ഭദ്ര സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നാവര്‍ത്തിച്ച പ്രിയങ്കയുടെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസിലും പ്രതിഷേധം തുടരുകയായിരുന്നു. നാല് സ്ത്രീകളടക്കം പത്ത് ദലിതരാണ് സോന്‍ഭാദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ഉഭ ഗ്രാമത്തലവന്‍ ഇ കെ ദത്തും കൂട്ടാളികളുമാണ് ദലിതരെ വെടിവച്ച് കൊന്നത്.

RELATED STORIES

Share it
Top