Top

ആയുധശേഖരം കാണാതായ സംഭവത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടാവണം: പോപുലര്‍ ഫ്രണ്ട്

നിരന്തരം വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത വര്‍ഗീയ വാദിയായ ടി പി സെന്‍കുമാര്‍ ഡിജിപിയായിരുന്ന കാലത്ത് വെടിയുണ്ട കാണാതായത് സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ സെന്‍കുമാറിന്റെ പങ്കിനെക്കുറിച്ച് പ്രത്യേകം അന്വേഷിക്കണം. പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

ആയുധശേഖരം കാണാതായ സംഭവത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടാവണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: കേരള പോലിസിന്റെ ആയുധശേഖരത്തില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടതിനെ കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 2013-2018 കാലഘട്ടത്തിലെ ആഡിറ്റ് റിപോര്‍ട്ട് പ്രകാരമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, പ്രസ്തുത കാലയളവിലെ പോലിസ് മേധാവിമാരെ കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ ആംഡ് പോലിസ് ബറ്റാലിയനില്‍ നിന്നും 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാതായെന്നാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലി(സിഎജി)ന്റെ റിപോര്‍ട്ടില്‍ പറയുന്നത്. വ്യാജ വെടിയുണ്ടകള്‍ വച്ചു സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ പോലിസ് സംവിധാനം എത്രത്തോളം കുത്തഴിഞ്ഞുവെന്നതിന്റെ ഔദ്യോഗികഭാഷ്യമാണ് റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. അതീവ സുരക്ഷാമേഖലയില്‍ നിന്നാണ് ആയുധങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്നാണ് സിഎജി വ്യക്തമാക്കിയിരിക്കുന്നത്. പോലിസ് ആയുധശേഖരത്തില്‍ നിന്ന് തോക്കുകള്‍ നഷ്ടപ്പെട്ട സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായ പശ്ചാത്തലത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന നിലയില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടാവണം.

രാജ്യത്തെ പോലിസ്, സൈനിക സംവിധാനങ്ങളില്‍ സംഘപരിവാര സെല്ലുകള്‍ വളരെ സജീവമാണ്. ഹിന്ദുത്വ തീവ്രവാദികള്‍ രാജ്യത്ത് നടത്തിയ സ്‌ഫോടനങ്ങളില്‍ കേണല്‍ ശ്രീകാന്ത് പുരോഹിതിനെ പോലുള്ളവരുടെ പങ്ക് പുറത്തുവന്നിട്ടുള്ളതുമാണ്. കേരള പോലിസിന്റെ ദൈനദിന നടപടികളില്‍ പോലും സംഘപരിവാര സ്വാധീനം പ്രകടമാണ്. പോലിസ് തലപ്പത്ത് നിര്‍ണായക തസ്തികളിലിരുന്നവര്‍ പലരും വിരമിച്ച ശേഷം സംഘപരിവാര വേദികളിലെ സജീവസാന്നിധ്യമാണ്. അതുകൊണ്ടു തന്നെ, പോലിസിന്റെ ആയുധശേഖരം നഷ്ടപ്പെട്ടതു സംബന്ധിച്ച റിപോര്‍ട്ടുകളില്‍ ദുരൂഹതയേറുകയാണ്. അതത് കാലത്ത് ഡിജിപിമാരായിരുന്നവര്‍ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. സമൂഹത്തില്‍ നിരന്തരം വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത വര്‍ഗീയ വാദിയായ ടി പി സെന്‍കുമാര്‍ ഡിജിപിയായിരുന്ന കാലത്ത് വെടിയുണ്ട കാണാതായത് സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ സെന്‍കുമാറിന്റെ പങ്കിനെക്കുറിച്ച് പ്രത്യേകം അന്വേഷിക്കണം. ക്രമസമാധാന പാലനവും കുറ്റാന്വേഷണവും നീതിയുക്തമായി നടപ്പാക്കേണ്ട ഏജന്‍സി തന്നെ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ സിഎജി റിപോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തലിനെ കുറിച്ച് ഡിജിപിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തി ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം.

പോലിസ് നവീകരണത്തിന്റെ പേരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അനുവദിച്ച ഫണ്ട് ആഡംബര വില്ലകള്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടി വകമാറ്റിയിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോലിസ് തലപ്പത്തെ ആഢംബരഭ്രമവും ധൂര്‍ത്തും കുത്തകകളും സംഘപരിവാര ഏജന്‍സികളും അവരുടെ നിക്ഷിപ്ത, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് പുതിയ കാര്യമല്ല. പോലിസ് ഭരണത്തിന്റെ സമസ്ത മേഖലയിലും ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേട് അടിമുടി വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പോലിസ് ഭരണം പരാജയമാണെന്നാണ് തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. മുഖ്യമന്ത്രിക്കെതിരേ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനും ഇതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. രാഷ്ട്രീയമായ ആരോപണ, പ്രത്യാരോപണങ്ങളില്‍ ഒതുങ്ങിപ്പോകാതെ, ഇക്കാര്യത്തില്‍ കൃത്യവിലോപം നടത്തിയ എല്ലാ കേന്ദ്രങ്ങള്‍ക്കെതിരേയും അടിയന്തരമായ നിയമനടപടികള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, സെക്രട്ടറിമാരായ എ അബ്ദുല്‍ സത്താര്‍, പി കെ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it