Top

സ്ത്രീ പീഡനവും ആക്രമണങ്ങളും: യുപി ഭീകരതയുടെ തലസ്ഥാനമായി മാറിയതായി പോപുലര്‍ ഫ്രണ്ട്

ഇരകളെ വേട്ടയാടുകയും അക്രമികളെ താലോലിക്കുകയും ചെയ്യുന്ന യോഗി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറുകയാണെന്നും സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു

സ്ത്രീ പീഡനവും ആക്രമണങ്ങളും:  യുപി ഭീകരതയുടെ തലസ്ഥാനമായി മാറിയതായി പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: വംശവെറിയനും ഭീകരവാദിയുമായ യോഗിയുടെ യുപി സവര്‍ണ ഭീകരതയുടെ തലസ്ഥാനമായി മാറിയിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. യോഗിയുടെ ഭരണത്തിന്റെ കീഴില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. സ്ത്രീകള്‍ക്ക് യാതൊരുവിധ സുരക്ഷയുമില്ലാത്ത സംസ്ഥാനമായി യുപി മാറി.

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതി ഇരയായ യുവതിയുടെ പിതാവിനെ വെടിവച്ചുകൊന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊല്ലുകയും മൃതദേഹം രഹസ്യമായി സംസ്‌കരിക്കുകയും ചെയ്ത ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ തന്നെയാണ് ഈ സംഭവവും അരങ്ങേറിയതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. യുപിയിലെ തന്നെ ബാന്ദ ജില്ലയില്‍ ആടിനെ മേയ്ക്കാന്‍ പോയ 14കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന മറ്റൊരു വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

ഹത്രാസില്‍ ദലിത് പെണ്കുട്ടിയെ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കുകയും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോയത് കലാപമായി ചിത്രീകരിക്കുകയുമാണ് യുപി പോലിസ് ചെയ്തത്. ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. അതേസമയം കുറ്റവാളികള്‍ക്ക് സൈ്വരവിഹാരം അനുവദിക്കുകയും അവര്‍ കൂടുതല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സൗകര്യം ചെയ്തു കൊടുക്കുകയുമാണ് യോഗി ആദിത്യനാഥ് ചെയ്യുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, ദലിതര്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, വിമര്‍ശകര്‍ തുടങ്ങിയവരെയൊക്കെ ഇല്ലാതാക്കുന്നതില്‍ യോഗിയും സംഘവും ഒന്നാമനാവാന്‍ മത്സരിക്കുകയാണ്. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത കൊടുംക്രിമിനലായ യോഗി കള്ളക്കഥകള്‍ മെനഞ്ഞും വ്യാജ കേസുകള്‍ ചമച്ചും നിരപരാധികളെ തുറങ്കിലടയ്ക്കുകയും ഇല്ലാതാക്കുകയുമാണ്. ഏറ്റവുമൊടുവില്‍ മലയാളികളായ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ട്രെയിനില്‍ നിന്നും തട്ടിക്കൊണ്ടുപോയി കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കി തടവിലാക്കി. വിയോജിക്കുന്നവരെ ലക്ഷ്യം വയ്ക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാര്‍. ഇരകളെ വേട്ടയാടുകയും അക്രമികളെ താലോലിക്കുകയും ചെയ്യുന്ന യോഗി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറുകയാണെന്നും സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു

Next Story

RELATED STORIES

Share it