പൊന്നാനിയില്‍ കാലുവാരല്‍ നീക്കം: അന്‍വറുമായി രഹസ്യ ചര്‍ച്ച; കോണ്‍ഗ്രസ് നേതാവിനെ ലീഗുകാര്‍ തടഞ്ഞു(വീഡിയോ)

നേരത്തേ നിയസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരുരങ്ങാടി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി നിയാസ് പുളിക്കലത്ത് മല്‍സരിച്ചപ്പോഴും ഇദ്ദേഹത്തിനെതിരേ സമാന ആരോപണം ഉയര്‍ന്നിരുന്നു

പൊന്നാനിയില്‍ കാലുവാരല്‍ നീക്കം: അന്‍വറുമായി രഹസ്യ ചര്‍ച്ച; കോണ്‍ഗ്രസ് നേതാവിനെ ലീഗുകാര്‍ തടഞ്ഞു(വീഡിയോ)മലപ്പുറം:
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മല്‍സരിക്കുന്ന രണ്ടു സീറ്റുകളിലൊന്നായ പൊന്നാനിയില്‍ കോണ്‍ഗ്രസിന്റെ കാലുവാരല്‍ നീക്കം. പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എംഎല്‍എയുമായ പി വി അന്‍വറുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഡിസിസി മുന്‍ ഭാരവാഹിയും കെപിസിസി അംഗവുമായ എം എന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ വാഹനമാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പൊന്നാനിയില്‍ വച്ച് വഴിയില്‍ തടഞ്ഞത്. മാത്രമല്ല, ദൃശ്യങ്ങള്‍ ലീഗ് പ്രവര്‍ത്തകര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കാര്‍ തടഞ്ഞുനിര്‍ത്തുകയും കുഞ്ഞഹമ്മദ് ഹാജിയോട് തട്ടിക്കയറുകയും ചെയ്യുന്ന ലീഗ് പ്രവര്‍ത്തകര്‍ നിങ്ങള്‍ പണത്തിന് വേണ്ടിയല്ല, പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നു പറയുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍വച്ച് പി വി അന്‍വറിനെ അവിചാരിതമായി കണ്ടുമുട്ടിയതാണെന്നും രഹസ്യ ചര്‍ച്ചയ്ക്കു പോയതല്ലെന്നും എം എന്‍ കുഞ്ഞഹമ്മദ് ഹാജി പറയുന്നു. നേരത്തേ നിയസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരുരങ്ങാടി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി നിയാസ് പുളിക്കലത്ത് മല്‍സരിച്ചപ്പോഴും ഇദ്ദേഹത്തിനെതിരേ സമാന ആരോപണം ഉയര്‍ന്നിരുന്നു. ഏതായാലും ലീഗ്-കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ തുടരുന്ന മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ തുടക്കത്തില്‍ തന്നെ ഇത്തരം കാലുവാരല്‍ നീക്കങ്ങള്‍ ഉണ്ടായെന്നത് മുന്നണി ബന്ധത്തില്‍ വിള്ളലുണ്ടാക്കും. കഴിഞ്ഞ തവണ കാല്‍ ലക്ഷത്തോളം വോട്ടുകള്‍ക്ക് വിജയിച്ച ഇ ടി മുഹമ്മദ് ബഷീറാണ് ഇക്കുറിയും ലീഗ് സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ഇ ടി മുഹമ്മദ് ബഷീറിനെ പൊന്നാനിയില്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് യൂത്ത് കോണ്‍ഗ്രസിനെ അനുനയിപ്പിച്ചത്.


RELATED STORIES

Share it
Top