Sub Lead

മംഗളൂരു പോലിസ് വെടിവയ്പ്പ്: പോലിസ് ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി കയറേണ്ടിവരുമെന്ന് പോപുലര്‍ ഫ്രണ്ട്

'വെടിവച്ച പോലിസ് ഉദ്യോഗസ്ഥരോട് ഞാന്‍ പറയുന്നു. അവരെ ഞങ്ങള്‍ വെറുതെ വിടുകയില്ല. കേസുമായി ഏതറ്റം വരേയും പോകും. കുറ്റക്കാരെ സുപ്രീംകോടതിയില്‍ എത്തിക്കും. കുറ്റവാളികളെ ശിക്ഷിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും'. ഷാകിബ് പറഞ്ഞു.

മംഗളൂരു പോലിസ് വെടിവയ്പ്പ്:  പോലിസ് ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി കയറേണ്ടിവരുമെന്ന് പോപുലര്‍ ഫ്രണ്ട്
X

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രണ്ട് മുസ്‌ലിം യുവാക്കളെ വെടിവയ്ച്ച് കൊന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാകിബ് പറഞ്ഞു. മംഗളൂരു സെന്‍ട്രല്‍ മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ആഡ്യാരില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുദ്രോലിയില്‍ നിന്നുള്ള നൗഷീന്‍(23), ബന്ദറില്‍ നിന്നുള്ള ജലീല്‍(49) എന്നിവരെ 2019 ഡിസംബര്‍ 19 നാണ് മംഗളൂരു പോലിസ് വെടിവച്ചു കൊന്നത്. അവര്‍ ഒരു പ്രതിഷേധത്തിന്റെയും ഭാഗമായിരുന്നില്ല. യുവാക്കള്‍ക്കെതിരേ വെടിയുതിര്‍ത്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഷാകിബ് ആവശ്യപ്പെട്ടു. പോരാട്ടം സുപ്രീം കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ശേഷം ജലീലിന്റെയും നൗഷീന്റെയും പേരില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.


'ഇത് എന്റെ ജനാധിപത്യ അവകാശമാണ്, ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരുമ്പോള്‍ പ്രതിഷേധിക്കുന്നതും പ്രക്ഷോഭം നടത്തുന്നതും എന്റെ മൗലികാവകാശമാണ്. ഞാന്‍ പ്രക്ഷോഭം നടത്തും, പ്രതിഷേധിക്കും. പ്രക്ഷോഭങ്ങളെ തടയാന്‍ മംഗളൂരു പോലിസ് 144ാം വകുപ്പ് കൊണ്ടുവരുന്നു. രണ്ടുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അവരുടെ മൗലികാവകാശങ്ങളാണ് പോലിസ് ലക്ഷ്യം വച്ചിരിക്കുന്നത്. അവര്‍ക്ക് പ്രക്ഷോഭം നടത്താനുള്ള അവകാശമുണ്ട്. 144ാം വകുപ്പ് നടപ്പാക്കാന്‍ നിങ്ങള്‍ ആരാണ്?. നിങ്ങള്‍ ബ്രിട്ടീഷുകാരനാണോ? വെടിവച്ച പോലിസ് ഉദ്യോഗസ്ഥരോട് ഞാന്‍ പറയുന്നു. അവരെ ഞങ്ങള്‍ വെറുതെ വിടുകയില്ല. കേസുമായി ഏതറ്റം വരേയും പോകും. കുറ്റക്കാരെ സുപ്രീംകോടതിയില്‍ എത്തിക്കും. കുറ്റവാളികളെ ശിക്ഷിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും'. ഷാകിബ് പറഞ്ഞു.

ഭരണകൂട കുതന്ത്രങ്ങളും പോലിസിന്റെ ഭീഷണിയും അവഗണിച്ചാണ് ദക്ഷിണ കാനറയില്‍ പൗരത്വ ബില്‍ ഭേദഗതിക്കെതിരേ പടുകൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. മൂന്നു ലക്ഷത്തോളം പേര്‍ പ്രക്ഷോഭത്തില്‍ സമ്മേളിച്ചതായി സംഘാടകര്‍ അവകാശപ്പെട്ടു.

മംഗളൂരു, ഉടുപ്പി ജില്ലകളില്‍ നിന്നായി 22 മുസ്‌ലിം സംഘടനകളുടെ കീഴിലുള്ളവര്‍ റാലിയില്‍ അണി നിരന്നു.

മുസ്‌ലിം ഐക്യവേദിയുടെ പൗരത്വ പ്രതിഷേധ റാലി മംഗളൂരു നഗരത്തില്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സിറ്റി പോലിസ് കമീഷണര്‍ ഡോ.പി എസ് ഹര്‍ഷ ഉറച്ചു നിന്നു. ഇതേത്തുടര്‍ന്ന് അഡ്യാരിലേക്ക് മാറ്റുകയായിരുന്നു.

മംഗളൂരു നെഹ്‌റു മൈതാനിയില്‍ ഡിസംബര്‍ 31ന് റാലി നടത്താന്‍ അനുമതി തേടിയപ്പോഴും പോലിസ് അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഈ മാസം നാലിന് നടത്താന്‍ അപേക്ഷ നല്‍കി. എന്നാല്‍ ഈമാസം 12ന് ബിജെപി റാലിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നട എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി നിരസിച്ചു. തുടര്‍ന്ന് നടത്തിയ എല്ലാ ശ്രമങ്ങളും പോലിസ് തടയുകയായിരുന്നു.

നഗരത്തിന് പുറത്ത് പരിപാടി നത്തിയാല്‍ ആളുണ്ടാവില്ലെന്നായിരുന്നു പോലിസിന്റെയും ആര്‍എസ്എസിന്റെയും കണക്ക് കൂട്ടല്‍. എന്നാല്‍, ഇന്നലെ ആഡ്യാറില്‍ ഒഴുകിയെത്തിയ ജന മഹാ സഞ്ചയം അത്തരം അവകാശവാദങ്ങള്‍ പൊൡക്കുന്നതായിരുന്നു.

സമ്മേളനത്തില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ മുഖ്യപ്രഭാഷണം നടത്തി. ഉടുപ്പി ജില്ലാ ഖാദി ഹാജി ബേക്കല ഇബ്രാഹിം മുസ്‌ല്യാര്‍, മംഗളൂരു ജില്ലാ ഖാദി അഹ്മദ് മുസ്‌ല്യാര്‍, മുന്‍ ഐഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപി നാഥന്‍, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശിവ സുന്ദര്‍, എസ്ഡിപിഐ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ, മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് മഷ്ഹൂദ്, എസ്‌വൈഎസ് സംസ്ഥാന ജന.സെക്രട്ടറി ഡോ.അബ്ദു റഷീദ്, സമസ്ത ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ദാരിമി, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സലഫി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി എംജി മുഹമ്മദ് സംസാരിച്ചു.

Next Story

RELATED STORIES

Share it