Sub Lead

സാമ്പത്തിക പാക്കേജ് അനുവദിക്കണം; പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍

അതേസമയം, കൊവിഡിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിമര്‍ശിച്ചു.

സാമ്പത്തിക പാക്കേജ് അനുവദിക്കണം; പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്നാംഘട്ട ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ ചര്‍ച്ച നടത്തി. ലോക്ക് ഡൗണില്‍ ഘട്ടംഘട്ടമായി ഇളവ് വരുത്തുന്നതിനെ കുറിച്ചും മറ്റുമുള്ള ചര്‍ച്ച തുടരുകയാണ്. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് 17നു ശേഷം പൂര്‍ണമായി തുറക്കാവുന്ന മേഖലകള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയവയാണു പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നാണു സൂചന. കൊവിഡ് വ്യാപനത്തിനു ശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന അഞ്ചാമത്തെ ചര്‍ച്ചയാണിത്.

തകര്‍ച്ചയിലായ സമ്പദ് വ്യവസ്ഥ പുനരുദ്ധരിക്കാന്‍ സാമ്പത്തിക പാക്കേജ് വേണമെന്നാണ് മിക്ക സംസ്ഥാനങ്ങളുടെയും പ്രധാന ആവശ്യം. ലോക്ക് ഡൗണ്‍ തീരും മുമ്പ് തന്നെ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നു സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. അതേസമയം, കൊവിഡിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിമര്‍ശിച്ചു. മുമ്പത്തെ ചര്‍ച്ചയില്‍നിന്നു വ്യത്യസ്തമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് ചര്‍ച്ചയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെയും മറ്റുള്ളവരെയും നാട്ടിലേക്കെത്തിക്കുന്നതും പ്രധാന ചര്‍ച്ചയായി. അസുഖ ബാധിതരുടെയും മരണസംഖ്യയും ഉയരുന്നതില്‍ മുഖ്യമന്ത്രിമാര്‍ ആശങ്ക രേഖപ്പെടുത്തി. നാളെമുതല്‍ ഭാഗികമായി ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമ്പോഴുള്ള കാര്യത്തെ കുറിച്ചും ചിലര്‍ ആശങ്ക അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമെ, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടങ്ങിയവരും പങ്കെടുത്തു.




Next Story

RELATED STORIES

Share it