Sub Lead

പ്ലസ്‌വണ്‍ ഏകജാലകം: നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 16നാണ്. 20ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 24നാണ് ആദ്യ അലോട്ട്‌മെന്റ്. ഈമാസം 31ന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും.

പ്ലസ്‌വണ്‍ ഏകജാലകം: നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
X

തിരുവനന്തപുരം: ഏകജാലക സംവിധാനം വഴിയുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി നാളെ മുതല്‍ അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 16നാണ്. 20ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 24നാണ് ആദ്യ അലോട്ട്‌മെന്റ്. ഈമാസം 31ന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂണ്‍ മൂന്നിന് പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്. പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിശദമായ പ്രോസ്‌പെക്ടസ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ 10ാം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കംപ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രദേശത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കംപ്യൂട്ടര്‍ ലാബ് സൗകര്യവും പ്രയോജനപ്പെടുത്തി അപേക്ഷകള്‍ സമര്‍പ്പിക്കാം. അന്തിമമായി അപേക്ഷ സമര്‍പ്പിച്ചശേഷം നല്‍കിയ വിവരങ്ങള്‍ മാറ്റാനാവില്ല. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പുവച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് യഥാസമയം സമര്‍പ്പിക്കണം.

വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷയുടെ ഫീസായ 25 രൂപ അടയ്ക്കണം. യാതൊരു കാരണവശാലും ഒരു റവന്യൂ ജില്ലയിലേക്ക് ഒരു വിദ്യാര്‍ഥി ഒന്നില്‍ക്കൂടുതല്‍ അപേക്ഷകള്‍ മെരിറ്റ് സീറ്റിലേക്ക് സമര്‍പ്പിക്കാന്‍ പാടില്ല. ഒന്നിലധികം റവന്യൂ ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനം തേടുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കണം. സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അപേക്ഷാഫോമിലുള്ള അക്‌നോളജ്‌മെന്റ് സ്ലിപ്പ് പ്രിന്‍സിപ്പാള്‍ ഒപ്പുവച്ച് സ്‌കൂള്‍ സീലും പതിച്ച് അപേക്ഷകന് തിരികെ നല്‍കും.

അപേക്ഷയെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും ഈ അക്‌നോളജ്‌മെന്റ് സ്ലിപ്പും അതിലുള്ള അപേക്ഷാ നമ്പരും ആവശ്യമായതിനാല്‍ സ്ഥിരപ്രവേശനം ലഭിക്കുന്നതുവരെ അപേക്ഷകര്‍ ഇത് നിര്‍ബന്ധമായും സൂക്ഷിക്കണം. അപേക്ഷയോടൊപ്പം എസ്എസ്എല്‍സിയുടെ /തത്തുല്യമായ പരീക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബോണസ് പോയിന്റും മറ്റാനുകൂല്യങ്ങളും അവകാശപ്പെടുന്ന പക്ഷം അവയുടെ അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. 2019ല്‍ എസ്എസ്എല്‍സി (കേരള) വിജയിച്ച വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ കംപ്യൂട്ടര്‍ പ്രിന്റൗട്ട് ഹാജരാക്കിയാലും മതി.

അപേക്ഷകന്റെ ജാതി, മതം, ഗ്രാമപ്പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍, താലൂക്ക് മുതലായ വിവരങ്ങള്‍ ആവശ്യമില്ല. മാര്‍ക്ക് ലിസ്റ്റിലില്ലാത്ത ഏതെങ്കിലും വിവരങ്ങള്‍ നല്‍കി ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

സപ്ലിമെന്ററി ഘട്ടം

ജൂണ്‍ മൂന്ന് മുതല്‍ ജൂലൈ അഞ്ച് വരെയാണ് സപ്ലിമെന്ററി ഘട്ട പ്രവേശന നടപടികള്‍ക്കുള്ള സമയം. ജൂലൈ അഞ്ചിന് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ മെയ് 15ന് ആരംഭിക്കും. മെയ് 13 മുതല്‍ 21 വരെ സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും നടക്കും. മെയ് 22 വരെയാണ് അപേക്ഷ സ്വീകരിക്കുക. സ്‌പോര്‍ട്‌സ് ക്വാട്ട മുഖ്യഘട്ട ഒന്നാം അലോട്ട്‌മെന്റ് മെയ് 24നും അവസാനഘട്ട അലോട്ട്‌മെന്റ് 31 നും നടക്കും.

സപ്ലിമെന്ററി ഘട്ടം

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള സപ്ലിമെന്ററി ഘട്ടത്തിന്റെ സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും ജൂണ്‍ മൂന്ന് മുതല്‍ ആറുവരെയാണ്. ജൂണ്‍ നാലിനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 7. സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂണ്‍ 10ന് നടക്കും. ജൂണ്‍ 11ന് പ്രവേശന നടപടികള്‍ അവസാനിക്കും.

കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി മെയ് 22ന് ആരംഭിക്കും. 27ന് ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. 28ന് റാങ്ക്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അന്നേദിവസം മുതല്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കും.

സപ്ലിമെന്ററി ഘട്ടം

കമ്മ്യൂണിറ്റി ക്വാട്ട സപ്ലിമെന്ററി പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ഡാറ്റാ എന്‍ട്രി ജൂണ്‍ 13ന് ആരംഭിക്കും. 18ന് കമ്മ്യൂണിറ്റി ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കും. 19ന് റാങ്ക്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 19 മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. 21ന് പ്രവേശനം അവസാനിക്കും.

മാനേജ്‌മെന്റ്/ അണ്‍ എയ്ഡഡ് മാനേജ്‌മെന്റ് ക്വാട്ട അഡ്മിഷന്‍

മെയ് 27ന് പ്രവേശന നടപടികള്‍ ആരംഭിക്കും. 31ന് പ്രവേശനം അവസാനിക്കും. പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് 27 മുതല്‍ മെയ് 31വരെ.

സപ്ലിമെന്ററി ഘട്ടം

ജൂണ്‍ ആറിന് പ്രവേശന നടപടികള്‍ ആരംഭിക്കും. 29ന് പ്രവേശനം അവസാനിപ്പിക്കും. ജൂണ്‍ ഏഴ് മുതല്‍ 29 വരെ പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടക്കും.

Next Story

RELATED STORIES

Share it