പെട്രോള്‍ പമ്പിലെ തട്ടിപ്പ് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

പമ്പുകളില്‍ ഫില്ലിങ്ങിനായി ഉപയോഗിക്കുന്ന കറുത്ത ഹോസ് പൈപ്പുകള്‍ മാറ്റി എണ്ണ വാഹന ടാങ്കുകളിലേക്ക് വരുന്നത് ഉപഭോക്താവിന് കാണാന്‍ സാധിക്കുംവിധം സുതാര്യമായ ഹോസ് പൈപ്പുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

പെട്രോള്‍ പമ്പിലെ തട്ടിപ്പ്  തടയണമെന്നാവശ്യപ്പെട്ട്  സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പെട്രോള്‍ പമ്പുകള്‍ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്നതായും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. വ്യവസ്ഥാപിതമായും സംഘടിതമായും പമ്പ് ഉടമകള്‍ ഇടപാടുകാരെ വഞ്ചിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകയായ പ്രീതി വഴി അഭിഭാഷകനായ അമിത് സാഹ്നിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്ന പണത്തിന് ആനുപാതികമായി ഇന്ധനം ലഭിക്കുന്നില്ലെന്നും അര്‍ഹിക്കുന്നതിനേക്കാള്‍ കുറഞ്ഞ അളവിലാണ് നിലവില്‍ പമ്പുകളില്‍ ഇന്ധനം നല്‍കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവര്‍ നല്‍കുന്ന പണത്തിനു ആനുപാതികമായി ഇന്ധനം നല്‍കാതെ നടത്തുന്ന വഞ്ചനയ്ക്കും അഴിമതിക്കും തടയിടാന്‍ പമ്പുകളില്‍ ഫില്ലിങ്ങിനായി ഉപയോഗിക്കുന്ന കറുത്ത ഹോസ് പൈപ്പുകള്‍ മാറ്റി എണ്ണ വാഹന ടാങ്കുകളിലേക്ക് വരുന്നത് ഉപഭോക്താവിന് കാണാന്‍ സാധിക്കുംവിധം സുതാര്യമായ ഹോസ് പൈപ്പുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

റിമോട്ടുകള്‍ ഉപയോഗിച്ചും മൈക്രോ ചിപ്പുകളുപയോഗിച്ചും പമ്പുടമകള്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്ന അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച നിരവധി കേസുകള്‍ ഹരജിക്കാരന്‍ തെളിവായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2017ല്‍ പെട്രോള്‍ പമ്പുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ കേന്ദ്ര പെട്രോളിയം മന്ത്രി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇത് നടപ്പായില്ലെന്നും സാഹ്നി പറയുന്നു.

നല്‍കുന്ന പണത്തിനനുസരിച്ചുള്ള പെട്രോളിയം എണ്ണ ഒരു പമ്പുകളിലും ലഭിക്കാറില്ല. മീറ്ററില്‍ കൃത്യമായി കാണിക്കുമെങ്കിലും വാഹനത്തില്‍ ആനുപാതികമായ ഇന്ധനം എത്തിയിട്ടുണ്ടാകില്ല അതുകൊണ്ടുതന്നെ ഈ രീതിക്ക് മാറ്റമുണ്ടാകണം നല്‍കുന്ന പണത്തിനനുസരിച്ചുള്ള എണ്ണ ആദ്യം മറ്റൊരു ഡിസ്‌പെന്‍സറിലേക്ക് മാറ്റണം. അതിനുശേഷം മാത്രം വാഹനത്തിലേക്ക് സുതാര്യമായ പൈപ്പുകള്‍ ഉപയോഗിച്ച് കാണത്തക്ക രീതിയില്‍ മാറ്റണമെന്നും ഹരജിയില്‍ ചൂണ്ടികാണിക്കുന്നു.

RELATED STORIES

Share it
Top