Sub Lead

സവര്‍ണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു

ചമ്പാവത്ത് പതി ബ്ലോക്കില്‍ തയ്യല്‍ക്കട നടത്തിയിരുന്ന റാമിനെ ചൊവ്വാഴ്ച രാവിലെയാണ് വിവാഹത്തിന് പോയതിന് ശേഷം തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റ പാടുകളോടെ കണ്ടെത്തിയത്.

സവര്‍ണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു
X

പിത്തോരഗഡ്: ഉത്തരാഖണ്ഡില്‍ സവര്‍ണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു. നൈനിറ്റാള്‍ ജില്ലയിലെ ചമ്പാവത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ സവര്‍ണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ 45കാരനായ ദലിത് യുവാവ് രമേഷ് റാം ആണ് മരിച്ചത്.

ചമ്പാവത്ത് പതി ബ്ലോക്കില്‍ തയ്യല്‍ക്കട നടത്തിയിരുന്ന റാമിനെ ചൊവ്വാഴ്ച രാവിലെയാണ് വിവാഹത്തിന് പോയതിന് ശേഷം തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റ പാടുകളോടെ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമവാസികള്‍ അദ്ദേഹത്തെ ചമ്പാവത്തിലെ ലോഹഘട്ട് ടൗണിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പിന്നീട് ഹല്‍ദ്‌വാനിയിലെ ഡോ.സുശീല തിവാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത റാം അവിടെ വെച്ച് മരണത്തിന് കീഴടങ്ങി.

സവര്‍ണ ജാതിക്കാരായ പുരുഷന്മാര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതില്‍ പ്രകോപിതരായ ഒരു കൂട്ടം ആളുകള്‍ വിവാഹച്ചടങ്ങിനിടെ തന്റെ ഭര്‍ത്താവിനെ മര്‍ദിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ തുളസി ദേവി ആരോപിച്ചു.

തുളസി ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), എസ്‌സി/എസ്ടി ആക്ട് എന്നിവ പ്രകാരം അജ്ഞാതരായ ആളുകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പതി പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഹരി പ്രസാദ് പറഞ്ഞു. ഒരു സര്‍ക്കിള്‍ ഓഫിസറുടെ നേതൃത്വത്തില്‍ നാല് പോലിസ് ഉദ്യോഗസ്ഥരുടെ സംഘം മരണം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതിന് ശേഷമേ രമേഷ് റാമിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും എല്ലാ കോണുകളില്‍ നിന്നും കേസ് അന്വേഷിക്കുകയാണെന്ന് എസ്പി ദേവേന്ദ്ര സിംഗ് പിഞ്ച പറഞ്ഞു.

Next Story

RELATED STORIES

Share it