Big stories

പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍
X

ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ പെഹ്‌ലുഖാനെ തല്ലികൊന്ന കേസിലെ പ്രതികളായ ഹിന്ദുത്വരെ വെറുതെ വിട്ട കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഈ മാസം രാജസ്ഥാന്‍ സര്‍ക്കാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിനെതിരേ നിയമം പാസാക്കിയിരുന്നു. അതിനാല്‍ പെഹ്‌ലുഖാന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

ആള്‍വാറിലെ വിചാരണ കോടതിയാണ് പെഹലുഖാന്‍ വധക്കേസിലെ പ്രതികളായ ഹിന്ദുത്വരെ വെറുതെ വിട്ടത്. പെഹ്‌ലുഖാനെ പ്രതികള്‍ ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഈ വീഡിയോ സഹിതമാണ് പോലിസ് കേസെടുത്തതെങ്കിലും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പോലിസ് വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല.

ഹിന്ദുത്വര്‍ ആക്രമണം നടത്തുന്ന വീഡിയോ അവ്യക്തമാണെന്നും അതുകൊണ്ടുതന്നെ അതൊരു തെളിവായി അംഗീകരിക്കാനാവില്ല എന്നും വ്യക്തമാക്കിയ കോടതി പ്രതികള്‍ക്കു സംശയത്തിന്റെ ആനുകൂല്യം നല്‍കുകയായിരുന്നു. വാദി ഭാഗത്തിന്റെ അലസതയാണ് പ്രതികളെ കുറ്റവിമുക്തരാക്കാന്‍ കാരണമെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. പ്രതികളെ വെറുതെവിട്ടത് രാജ്യത്തുടനീളം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് പെഹ്‌ലുഖാന്റെ അഭിഭാഷകന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it