Sub Lead

ചാരവൃത്തി: ബിജെപി സര്‍ക്കാരിന്റേത് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനമെന്ന് സിപിഎം

ചാരവൃത്തി: ബിജെപി സര്‍ക്കാരിന്റേത് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനമെന്ന് സിപിഎം
X

ന്യൂഡല്‍ഹി: ചാരവൃത്തിക്കുള്ള ഇസ്രായേലി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യക്കാരെ നിയമവിരുദ്ധമായി നിരീക്ഷിക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നും ബിജെപി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ. ഇസ്രയേലിന്റെ രാജ്യാന്തര ചാരവൃത്തി സ്ഥാപനമായ എന്‍എസ്ഒയുടെ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയിട്ടുണ്ടെന്ന വിവരം ആശങ്കജനകമാണ്. 'സര്‍ക്കാരുകളുടെ' അംഗീകാരത്തോടെ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് എന്‍എസ്ഒ വിശദീകരിക്കുന്നു. നിരവധി മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സ്മാര്‍ട്ട് ഫോണുകളില്‍ നുഴഞ്ഞുകയറി അവരെ നിരീക്ഷിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്‍എസ്ഒയുടെ ഇടപാടുകാരായ രാജ്യങ്ങളിലെ പൗരന്‍മാരെ നിരീക്ഷിച്ച 50,000ല്‍പരം സംഭവങ്ങളാണ് വെളിച്ചത്തായത്. റുവാണ്ട, മൊറോക്കോ, സൗദി അറേബ്യ, യുഎഇ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇക്കാര്യത്തില്‍ ഇന്ത്യയും വന്നിട്ടുള്ളത്.

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ എന്നീ വിഭാഗങ്ങളിലെ നൂറുകണക്കിനു പേരുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പുറത്തുവന്ന റിപോര്‍ട്ടില്‍ പറയുന്നു. അപകടകരമായ ഈ ചാരസോഫ്റ്റ് വെയര്‍ ഇന്ത്യ ഉപയോഗിക്കുന്നതായി വാട്ട്‌സ്ആപ്പ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിപിഎം രണ്ടുവര്‍ഷം മുമ്പ് പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍എസ്ഒയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നത് പൂര്‍ണമായും നിഷേധിക്കാതെ, 'നിയമവിരുദ്ധ നിരീക്ഷണം' നടക്കുന്നില്ലെന്ന് മാത്രമാണ് മോദി സര്‍ക്കാര്‍ പ്രതികരിച്ചത്. സ്വന്തം പൗരന്‍മാര്‍ക്കെതിരായി മോദിസര്‍ക്കാര്‍ എന്‍എസ്ഒയെ ഉപയോഗിക്കുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. എന്‍എസ്ഒയുമായുള്ള ബന്ധം എന്താണെന്നും ഇതിന്റെ വ്യവസ്ഥകള്‍ എന്താണെന്നും എത്രമാത്രം പൊതുപണം ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും മോദി സര്‍ക്കാര്‍ വിശദീകരിക്കണം.

ചാരവൃത്തിക്കുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ സര്‍ക്കാര്‍ ഹാക്ക്‌ചെയ്താലും ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം മൗലികമാണെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ച് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതില്‍നിന്ന് മോദി സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സ്മാര്‍ട്ട്‌ഫോണുകളും കംപ്യൂട്ടറുകളും ഹാക്ക്‌ചെയ്തത് പുറത്തുവന്നിട്ടുണ്ട്. ഇതുവഴി ഡിജിറ്റല്‍ തെളിവുകള്‍ കെട്ടിച്ചമച്ച്, കിരാതനിയമങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുകള്‍ നടക്കുന്നു. ഫാഷിസ്റ്റ് സ്വഭാവത്തോടെയുള്ള ഈ അമിതാധികാരപ്രയോഗം അംഗീകരിക്കാന്‍ കഴിയില്ല. 'നിരീക്ഷിക്കുക, കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കുക, അറസ്റ്റ് ചെയ്യുക' എന്ന രീതിയില്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം ഭരണഘടന വിരുദ്ധമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.

Pegasus: CPM says BJP government's unconstitutional activity

Next Story

RELATED STORIES

Share it