Sub Lead

പീരുമേട് കസ്റ്റഡി മരണം: നാല് പോലിസുകാരെ കൂടി സസ്‌പെന്റ് ചെയ്തു

പീരുമേട് കസ്റ്റഡി മരണം: നാല് പോലിസുകാരെ കൂടി സസ്‌പെന്റ് ചെയ്തു
X

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം സ്‌റ്റേഷനിലെ നാല് പോലിസ് ഉദ്യോഗസ്ഥരെ കൂടി ജില്ലാ പോലിസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. റൈറ്റര്‍ റോയ് പി വര്‍ഗീസ്, അസി. റൈറ്റര്‍ ശ്യാം, സീനിയര്‍ സിപിഒമാരായ സന്തോഷ്, ബിജു ലൂക്കോസ് എന്നിവരെയാണ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന കാരണത്തിനു സസ്‌പെന്‍ഡ് ചെയ്ത്. ഇതോടെ സംഭവത്തില്‍ ശിക്ഷാനടപടി ലഭിക്കുന്ന പോലിസുകാരുടെ എണ്ണം 17 ആയി. നേരത്തെ നെടുങ്കണ്ടം സ്‌റ്റേഷനിലെ മൂന്ന് പോലിസുകാരെ സ്ഥലം മാറ്റിയിരുന്നു. എഎസ്‌ഐ റോയ്, രണ്ട് സിപിഒമാര്‍ എന്നിവരെയാണ് എആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റിയിരുന്നത്. മാത്രമല്ല, നെടുങ്കണ്ടം എസ്‌ഐ ഉള്‍പ്പടെ നാലുപേരെ സസ്‌പെന്‍ഡ് ചെയ്യുകയും സിഐ ഉള്‍പ്പടെ ആറുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് പ്രതിയായ രാജ്കുമാര്‍ മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജയിലില്‍ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണപ്പെടുകയായിരുന്നു.




Next Story

RELATED STORIES

Share it