Latest News

രാജസ്ഥാന്‍ ജഡ്ജിയുടെ ഭാര്യ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

രാജസ്ഥാന്‍ ജഡ്ജിയുടെ ഭാര്യ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍
X

ജയ്പൂര്‍: രാജസ്ഥാനിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി രാജ്കുമാര്‍ ചൗഹാന്റെ ഭാര്യയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉഷാ ചൗഹാനാണ് മരിച്ചത്. ബുധനാഴ്ച കച്ചിഗുഡ-ഭഗത് കി കോത്തി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കിടെയായിരുന്നു സംഭവം.

ജോധ്പൂരില്‍ നിന്ന് നിംബഹേരയിലേക്ക് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നുവെങ്കിലും ഇരുവരും വ്യത്യസ്ത കോച്ചുകളിലായിരുന്നു ഉണ്ടായിരുന്നത്. ട്രെയിന്‍ നിംബഹേര സ്‌റ്റേഷനിലെത്തുന്നതിന് തൊട്ടുമുന്‍പ് ശുചിമുറിയിലേക്ക് പോവുകയാണെന്ന് ഉഷ ചൗഹാന്‍ ഫോണിലൂടെ ഭര്‍ത്താവിനെ അറിയിച്ചു.

ട്രെയിന്‍ നിംബഹേര സ്‌റ്റേഷനിലെത്തിയപ്പോള്‍ ജഡ്ജി പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി ഭാര്യയെ കാത്തുനിന്നെങ്കിലും അവര്‍ പുറത്തേക്ക് വന്നില്ല. തുടര്‍ന്ന് ജിആര്‍പിയെ വിവരം അറിയിച്ചു. ജിആര്‍പി സംഘം നിംബഹേര സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉഷ ട്രെയിനില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ട്രെയിന്‍ രത്‌ലം ജില്ലയിലെ ജോറ സ്‌റ്റേഷനിലെത്തിയപ്പോള്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ അബോധാവസ്ഥയിലായ ഉഷയെ കണ്ടെത്തി. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Next Story

RELATED STORIES

Share it