Latest News

എടക്കര മാവോവാദി കേസ്; മൂന്നുപേര്‍ക്ക് ജാമ്യം

എടക്കര മാവോവാദി കേസ്; മൂന്നുപേര്‍ക്ക് ജാമ്യം
X

മലപ്പുറം: എടക്കര മാവോവാദി കേസില്‍ മൂന്ന് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തൃശൂര്‍ സ്വദേശി സി ജി രാജന്‍, തമിഴ്‌നാട് സ്വദേശി ആര്‍ രാഘവേന്ദ്രന്‍, ഛത്തീസ്ഗഢ് സ്വദേശി ദീപക് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് ഗോപിനാഥ് പി, ജസ്റ്റിസ് പി എം മനോജ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ഷെയ്ക്ക് റസല്‍ എം, അബ്ദുല്‍ ഖാദര്‍ കുഞ്ഞു എസ് എന്നിവര്‍ ഹാജരായി. നിലമ്പൂര്‍ കാടുകളിലടക്കം ആയുധപരിശീലനം നടത്തിയെന്ന് ആരോപിച്ച് ചുമത്തിയ കേസിലായിരുന്നു എന്‍ഐഎയുടെ അന്വേഷണം. എറണാകുളത്തെ സ്പെഷ്യല്‍ എന്‍ഐഎ കോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഐപിസി 120 ബി, 121, 121 എ, 122 വകുപ്പുകള്‍, കേരള ഫോറസ്റ്റ് ആക്ട്, ആംസ് ആക്ട്, യുഎപിഎ എന്നിവ ഉള്‍പ്പെടുന്ന ഗൗരവമേറിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.

ഏറെക്കാലമായി തടങ്കലിലാണെന്നും 2020-2021ല്‍ സമാനമായ കേസിലെ മറ്റു പ്രതികള്‍ക്ക് മുന്‍പ് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. നിലമ്പൂര്‍ വനമേഖലയില്‍ പ്രവേശിച്ച് ആയുധ പരിശീലനം നടത്തിയെന്നതാണ് പ്രധാന ആരോപണം.

പ്രതികള്‍ക്കെതിരേ ഗൗരവമേറിയ കുറ്റങ്ങളാണുള്ളതെന്നും വിചാരണ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 287 സാക്ഷികളില്‍ ഏകദേശം 94 പേരെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞതായി കോടതിയില്‍ അറിയിച്ചു. കൂടാതെ, പ്രതികളില്‍ മറ്റു സംസ്ഥാനത്ത് നിന്നുള്ളവര്‍ ഉള്ളതിനാല്‍ ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, വിചാരണ വൈകുന്നത് മൂലം ദീര്‍ഘകാലം വിചാരണ തടങ്കലില്‍ കഴിഞ്ഞതും സമാന കേസുകളില്‍ മറ്റ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതും പരിഗണിച്ച് ഇവര്‍ക്കും ജാമ്യം അനുവദിക്കാമെന്ന് കോടതി കണ്ടെത്തി.

വിചാരണ പൂര്‍ത്തിയാകുന്നതുവരെ ഹരജിക്കാര്‍ എറണാകുളം ജില്ലയില്‍ തന്നെ തുടരണം, വിചാരണ അവസാനിക്കുന്നതുവരെ എല്ലാ ശനിയാഴ്ചയും ബുധനാഴ്ചയും രാവിലെ 10 നും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ റിപോര്‍ട്ട് ചെയ്യണം. ജാമ്യ കാലയളവില്‍ ഹരജിക്കാര്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ, കൂടാതെ ആ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം, കൂടാതെ ഒരു സാഹചര്യത്തിലും, മുന്‍കൂര്‍ അറിയിപ്പില്ലാതെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്, ഹരജിക്കാര്‍ തെളിവുകള്‍ നശിപ്പിക്കുകയോ ഏതെങ്കിലും വിധത്തില്‍ ഏതെങ്കിലും സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, ജാമ്യത്തിലിരിക്കുമ്പോള്‍ ഏതെങ്കിലും കുറ്റകൃത്യം ചെയ്യുകയോ കുറ്റകൃത്യത്തിന് സമാനമായ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ സഹകരിക്കുകയോ ചെയ്യരുത് തുടങ്ങിയ കര്‍ശന ഉപോധികളോടെയാണ് ജാമ്യം.

നിബന്ധനകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് അപേക്ഷ നല്‍കാം. അത്തരമൊരു അപേക്ഷ സമര്‍പ്പിച്ചാല്‍, പ്രത്യേക കോടതിക്ക് അത് പരിഗണിക്കുകയും നിയമപ്രകാരം ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യാം.

Next Story

RELATED STORIES

Share it