Sub Lead

തന്റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി വേണ്ട, ആന്തൂരില്‍ ശ്യാമളയ്ക്കു തെറ്റുപറ്റി; നിലപാടിലുറച്ച് പി ജയരാജന്‍

പിജെ ആര്‍മി തുടങ്ങിയ പേരില്‍ വാട്‌സ് ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ സജീവമാണെന്നും ഇത്തരം ഗ്രൂപ്പുകളില്‍ ജയരാജനെയും കുടുംബത്തെയും പുകഴ്ത്തിയും മറ്റു നേതാക്കളുടെയും മക്കളുടെയും പശ്ചാത്തലവും വ്യക്തമാക്കി പ്രചാരണം നടത്തുന്നത് സിപിഎമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു

തന്റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി വേണ്ട, ആന്തൂരില്‍ ശ്യാമളയ്ക്കു തെറ്റുപറ്റി; നിലപാടിലുറച്ച് പി ജയരാജന്‍
X

കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നല്‍കാന്‍ വൈകിയതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം പ്രതിരോധത്തിലാവുകയും കണ്ണൂരിലെ നേതാക്കള്‍ക്കിടയിലെ ഭിന്നത മറനീക്കുകയും ചെയ്തതിനു പിന്നാലെ വിവാദ പരാമര്‍ശവുമായി മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും കേന്ദ്ര കമ്മിറ്റിയംഗമായ എം വി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയ്ക്കു തെറ്റുപറ്റിയിട്ടുണ്ടെന്ന് പി ജയരാജന്‍ ആവര്‍ത്തിക്കുന്നത്. ആന്തൂര്‍ വിഷയത്തില്‍ സിപിഎം മാങ്ങാട്ടുപറമ്പില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ പറഞ്ഞ നിലപാട് തന്നെയാണ് ജയരാജന്‍ അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍, സിപിഎം സംസ്ഥാന സമിതിയും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തള്ളിപ്പറയുകയും പി ജയരാജന്റെ പരസ്യവിമര്‍ശനത്തെ തള്ളിപ്പറയുകയും ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് പി ജയരാജന്റെ അഭിമുഖമടങ്ങിയ വാരിക വിപണിയിലെത്തുന്നത് എന്നതു പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്കിടയാക്കും. മാത്രമല്ല, ആന്തൂര്‍ വിഷയത്തില്‍ തുടരുന്ന തര്‍ക്കത്തിനിടെ നാളെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗവും നടക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ യോഗത്തില്‍ പങ്കെടുത്ത് ജയരാജനെതിരായ നടപടി റിപോര്‍ട്ട് ചെയ്യാനിരിക്കെയാണ് പുതിയ വിവാദം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പി കെ ശ്യാമളയ്‌ക്കെതിരായ പരാമര്‍ശം സംസ്ഥാന സമിതി തള്ളിയതിനു മുമ്പാണോ വാരികയ്ക്കു അഭിമുഖം നല്‍കിയതെന്ന് വ്യക്തമല്ല.

നേരത്തേ, വിഷയത്തില്‍ പി ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടിനെ അണികളില്‍ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സംസ്ഥാന കമ്മിറ്റിയില്‍ നിലപാടിനെതിരേ രംഗത്തെത്തിയിരുന്നു. മാത്രമല്ല, സൈബര്‍ സഖാക്കള്‍ പി ജയരാജനെ പുകഴ്ത്തിക്കൊണ്ട് പരസ്യമായി രംഗത്തെത്തിയതും പാര്‍ട്ടിക്ക് തലവേദനയായിരുന്നു. ഇതിനിടെയാണ് തന്റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ടാവേണ്ട കാര്യമില്ലെന്നും പാര്‍ട്ടിക്ക് അതീതനായി താന്‍ വളരുന്നില്ലെന്നും വിധേയനായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തനിക്ക് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പദവി വേണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, വാരിക പുറത്തുവരുന്നത് സംസ്ഥാന സമിതി യോഗത്തിനു ശേഷമായിരിക്കുമെന്ന് ജയരാജന് വ്യക്തമായി അറിയാമെന്നാണു സൂചന.

''പാര്‍ട്ടി വേറെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ. നിയമാനുസൃതമായ ചുമതലകളാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. പാര്‍ട്ടിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ നേരിട്ടു നിര്‍ദ്ദേശം കൊടുക്കാന്‍ പറ്റില്ല. സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായി 15 കോടിയോളം മുടക്കി ബക്കളത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. അതിനു കെട്ടിടനിര്‍മാണ ചട്ടത്തിന്റെ ലംഘനം ഉണ്ട് എന്നു കണ്ടുകൊണ്ട് നഗരസഭാ അധികൃതര്‍ നോട്ടീസ് നല്‍കി. പിന്നീട് അതു പൊളിച്ചുനീക്കാനുള്ള നോട്ടീസും കൊടുത്തു. ആ ഘട്ടത്തില്‍ അവര്‍ മന്ത്രിക്കു പരാതി കൊടുത്തു. തദ്ദേശഭരണവകുപ്പിന്റെ കോഴിക്കോട് സൂപ്രണ്ടിങ്ങ് എന്‍ജിനീയറോട് അതു സംബന്ധിച്ച് അന്വേഷിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. അതു ഫലം ചെയ്തില്ല എന്നു വന്നപ്പോഴാണ് സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് എന്നെ കാണാന്‍ വന്നത്.

''ഞാന്‍ ഒരു ജനപ്രതിനിധിയല്ല. പക്ഷേ, സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്. ആ നിലയ്ക്ക് എന്തുകൊണ്ടാണ് അനുമതി കൊടുക്കാത്തത് എന്ന കാര്യം അന്വേഷിച്ചു. പൊളിച്ചുനീക്കാന്‍ നോട്ടീസ് കൊടുത്തത് എന്തുകൊണ്ടാണെന്നും ഞാന്‍ അന്വേഷിച്ചു. അതന്വേഷിച്ചപ്പോള്‍ കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനമുണ്ടായി എന്നായിരുന്നു മറുപടി. സ്വാഭാവികമായും അതു ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശമാണ് ഞാന്‍ നഗരസഭയ്ക്കു മുന്‍പാകെ വെച്ചത്. അതുപ്രകാരം ജില്ലാ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള ഒരു സമിതിയോട് ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു. ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ന്യൂനതകള്‍ പരിഹരിച്ച് പാര്‍ത്ഥാസ് ബില്‍ഡേഴ്‌സ് വീണ്ടും നഗരസഭയ്ക്ക് ഏപ്രില്‍ മാസം അപേക്ഷ കൊടുത്തു. അതിനുശേഷവും കാലതാമസം വന്നു എന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ഇത്തരത്തില്‍ ദാരുണമായ അന്ത്യം അദ്ദേഹത്തിന് ഉണ്ടായതും. അതില്‍ അങ്ങേയറ്റം ദു:ഖമുണ്ട്. ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിടനിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍, സിപിഎമ്മിന്റെ ജില്ലാക്കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് അവിടുത്തെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ശ്യാമളടീച്ചറിന്റെ ഭാഗത്ത് വീഴ്ച ഉണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണ''മെന്നാണ് അഭിമുഖത്തില്‍ പറയുന്നത്.

പിജെ ആര്‍മി തുടങ്ങിയ പേരില്‍ വാട്‌സ് ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ സജീവമാണെന്നും ഇത്തരം ഗ്രൂപ്പുകളില്‍ ജയരാജനെയും കുടുംബത്തെയും പുകഴ്ത്തിയും മറ്റു നേതാക്കളുടെയും മക്കളുടെയും പശ്ചാത്തലവും വ്യക്തമാക്കി പ്രചാരണം നടത്തുന്നത് സിപിഎമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇത് തിരിച്ചറിഞ്ഞ്, പിജെ ആര്‍മി എന്ന പേരിലുള്ള ഗ്രൂപ്പുകള്‍ ഒഴിവാക്കണമെന്നും നേതാക്കളെയും മക്കളെയും താരതമ്യം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആയുധമായി എതിരാളികള്‍ ഉപയോഗിക്കുമെന്നും ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പിജെ ഗ്രൂപ്പുകളുടെ പേര് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ജയരാജന് പൂര്‍ണപിന്തുണ നല്‍കി പിജെ ആര്‍മിയില്‍ നിന്ന് സന്ദേശം വരികയും ചെയ്തിരുന്നു. ഏതായാലും പാര്‍ട്ടിക്ക് അതീതനായി ജയരാജന്‍ വളരുന്നുവെന്ന സന്ദേശമുയരുന്നുവെന്ന് ചൂണ്ടിക്കാട്ടി മൂന്നുതവണ തിരുത്തിക്കൊണ്ടുള്ള സംസ്ഥാന സമിതിയുടെ നടപടിക്കു ശേഷവും ജയരാജന്‍ തന്നെ വീണ്ടും പാര്‍ട്ടി നിലപാട് തള്ളുന്ന വിധത്തിലുള്ള അഭിമുഖം പുറത്തുവരുന്നതോടെ വീണ്ടും നടപടിക്ക് വിധേയനാവുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.




Next Story

RELATED STORIES

Share it