Latest News

മുഖ്യമന്ത്രിയോട് പരസ്യസംവാദത്തിന് സമയം കുറിക്കാന്‍ പറഞ്ഞ് കെ സി വേണുഗോപാല്‍

മുഖ്യമന്ത്രിയോട് പരസ്യസംവാദത്തിന് സമയം കുറിക്കാന്‍ പറഞ്ഞ് കെ സി വേണുഗോപാല്‍
X

ആലപ്പുഴ: പാര്‍ലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രകടനം സംബന്ധിച്ച വിഷയത്തില്‍ പരസ്യസംവാദത്തിനായുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ സന്തോഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. നാളെ തന്നെ സംവാദത്തിന് തയ്യാറാണ്. തീയതിയും സമയവും സ്ഥലവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെ സി വേണുഗോപാല്‍ ഉന്നയിച്ച സംവാദ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.

'മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതില്‍ സന്തോഷം. മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കില്‍ സൗകര്യപ്പെടുന്ന ദിവസം ഞാന്‍ തയ്യാറാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫിന്റെ പോരാട്ടം. മുഖ്യമന്ത്രി വിശദാംശവുമായി വരട്ടെ. മുഖ്യമന്ത്രിയുടെ എംപിമാര്‍ പാര്‍ലമെന്റില്‍ എന്തു പറഞ്ഞു എന്നുകൂടി പറയണം', കെ സി വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിലെ വികസന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ യുഡിഎഫ് എംപിമാര്‍ പരാജയപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വാക്‌പോരിന് തുടക്കമിട്ടത്. യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചത്. ഇതിന് മറുപടിയായി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പരസ്യസംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തു. സംവാദത്തിന് തയ്യാറാണെന്നും സമയവും തീയതിയും അറിയിച്ചാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞത്.

കേരള താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫ് എംപിമാര്‍ പോരാടിയത്. ആഴക്കടല്‍ മത്സ്യബന്ധനം, മണല്‍ ഖനനം, കപ്പല്‍ മുങ്ങിയത് ഉള്‍പ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിലും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിവേചനം ഉള്‍പ്പെടെയുള്ള നിരവധിയായ വിഷയങ്ങള്‍ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഡീലുകള്‍ക്ക് വേണ്ടി കേന്ദ്ര മന്ത്രിമാരെ സ്വകാര്യമായി യുഡിഎഫ് എംപിമാര്‍ സന്ദര്‍ശിക്കാറില്ലെന്നത് ശരിയാണ്. പക്ഷെ കേരളത്തിന്റെ ജനകീയ വികസന വിഷയങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നടക്കുന്ന അന്വേഷണം ഹൈക്കോടതി ചുമതലപ്പെടുത്തിയതാണ്. അതില്‍ സര്‍ക്കാരിന് പങ്കില്ല. പക്ഷെ അന്വേഷണ സംഘം സമയപരിധി നീട്ടി കൊണ്ടുപോകുന്നത് ചില താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണോയെന്ന് ജനം സംശയിക്കുന്നു. സ്വര്‍ണ്ണക്കൊള്ളക്കാരെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. മറ്റു അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ താല്‍പര്യത്തിനു പിന്നില്‍ ആരെയൊക്കയോ സംരക്ഷിക്കാനാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇനിയും വന്‍ തോക്കുകള്‍ വരാനുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

പിഎം ശ്രീ കരാറില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഇടനിലക്കാരനായെന്ന കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ജോണ്‍ ബ്രിട്ടാസിനെ ന്യായീകരിക്കുകയും യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതികരമായിട്ടായിരുന്നു കെ സി വേണുഗോപാലിന്റെ വെല്ലുവിളി.

Next Story

RELATED STORIES

Share it