Latest News

യുഎസ് തീരുവ 18 ശതമാനമാക്കി കുറച്ചു; ഏഷ്യയില്‍ ഏറ്റവും കുറഞ്ഞ താരിഫുള്ള രാജ്യമായി ഇന്ത്യ

യുഎസ് തീരുവ 18 ശതമാനമാക്കി കുറച്ചു; ഏഷ്യയില്‍ ഏറ്റവും കുറഞ്ഞ താരിഫുള്ള രാജ്യമായി ഇന്ത്യ
X

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ നിലവില്‍ വന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചതോടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി ഇന്ത്യ. ഇന്ത്യയ്ക്കുള്ള അമേരിക്കന്‍ തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുവ കുറച്ച കാര്യം ട്രംപ് തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴി പ്രഖ്യാപിച്ചത്.

പുതിയ വ്യവസ്ഥകള്‍ പ്രകാരം ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും കുറഞ്ഞ തീരുവ. പാകിസ്താന്‍-19%, ബംഗ്ലാദേശ്-20%, വിയറ്റ്‌നാം-19%, മലേഷ്യ-19%, കമ്പോഡിയ-19%, തായ്‌ലന്റ്-19% എന്നിങ്ങനെയാണ് മറ്റു പ്രധാന ഏഷ്യന്‍ രാജ്യങ്ങളുടെ താരിഫ് നിരക്കുകള്‍. ഇന്ത്യയുടെ പ്രധാന വ്യാപാര എതിരാളിയായ ചൈനയ്ക്ക് 37 ശതമാനം തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന തീരുവയുള്ള രാജ്യങ്ങളില്‍ ബ്രസീല്‍-50%, ദക്ഷിണാഫ്രിക്ക-30%, മ്യാന്‍മര്‍-40%, ലാവോസ്-40% എന്നിവയും ഉള്‍പ്പെടുന്നു.

വ്യാപാരക്കരാറെന്ന നിലയില്‍ ട്രംപ് പ്രഖ്യാപനം നടത്തിയെങ്കിലും, ഇതുസംബന്ധിച്ച് ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട 25 ശതമാനം പിഴച്ചുങ്കം ഉള്‍പ്പെടെ 50 ശതമാനം ആയിരുന്ന ഇന്ത്യയ്ക്കുള്ള തീരുവയാണ് ഇപ്പോള്‍ 18 ശതമാനമായി കുറഞ്ഞത്. തീരുവ കുറച്ചതിന് പകരമായി റഷ്യയില്‍ നിന്ന് എണ്ണവാങ്ങല്‍ നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും, അത് യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് സഹായകരമാകുമെന്നും ട്രംപ് അവകാശപ്പെട്ടു. കൂടാതെ, യുഎസിലെ ഊര്‍ജ, സാങ്കേതിക, കാര്‍ഷിക മേഖലകളില്‍ നിന്ന് 50,000 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യും എന്നതും ട്രംപ് പറഞ്ഞു.

Next Story

RELATED STORIES

Share it