Sub Lead

ഒരു സീറ്റില്‍ കൂടുതല്‍ ഇല്ലെന്ന് കോണ്‍ഗ്രസ് ; ഒന്നില്‍ ഒതുക്കുന്നത് ഖേദകരമെന്ന് മാണി

ലോക് സഭാ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റിനര്‍ഹതയുണ്ടെന്ന് കെ എം മാണി. ദേശീയ രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ കുടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്ന്് കോണ്‍ഗ്രസ് മാണിയെയും ജോസഫിനെയും അറിയിച്ചു.

ഒരു സീറ്റില്‍  കൂടുതല്‍ ഇല്ലെന്ന് കോണ്‍ഗ്രസ് ; ഒന്നില്‍ ഒതുക്കുന്നത് ഖേദകരമെന്ന് മാണി
X

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലൈന്ന് കോണ്‍ഗ്രസ്. ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസിനെ ഒതുക്കാന്‍ ശ്രമിക്കുന്നത് ഖേദകരമെന്ന് കെ എം മാണി. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി വൈകി നടന്ന മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയിലാണ് അധിക സീറ്റ് നല്‍കാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേരള കോണ്‍ഗ്രസ് നേതാക്കളായ കെ എം മാണി,പി ജെ ജോസഫ് എന്നിവരെ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവര്‍ അറിയിച്ചത്.കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റിനര്‍ഹതയുണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടു കെ എം മാണി തങ്ങളുടെ ആവശ്യം യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചുവെങ്കിലും ഒരു രാജ്യസഭാ സീറ്റും ഒരു ലോക് സഭാ സീറ്റും നല്‍കിയ സാഹചര്യത്തില്‍ ഒരു ലോക് സഭാ സീറ്റു കൂടി അധികമായി നല്‍കാനാവില്ലെന്ന് നിലപാടിലായിരുന്നു കോണ്‍ഗ്രസ്.ഒരു സീറ്റുകൂടി ലഭിച്ചില്ലെങ്കില്‍ പാര്‍ടിയില്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് കെ എം മാണി പറഞ്ഞുവെങ്കിലും ഒരു സീറ്റു കൊണ്ട് തൃപ്തിപ്പെട്ടേ മതിയാകുവെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നു. ഇതോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു. പാര്‍ടിയെന്ന നിലയില്‍ ഒരു സീറ്റു കൂടി കേരള കോണ്‍ഗ്രസ് അധികം ചോദിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് യോഗത്തിനു ശേഷം രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അവര്‍ക്ക് അതിനുള്ള അവകാശവും അധികാരവുണ്ട്. പക്ഷേ നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ മല്‍സരിച്ച് വിജയിക്കേണ്ടത് അനിവാര്യമാണ്.ഇക്കാര്യം തങ്ങള്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചു.വിശദമായി തന്നെ തങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തു.കേരള കോണ്‍ഗ്രസ് പാര്‍ടി നേതൃത്വം യോഗം ചേര്‍ന്ന് തീരൂമാനമറിയിക്കാമെന്ന് അവര്‍ അറിയിച്ചു.വരാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മല്‍സരിച്ച് വിജയിക്കുകയെന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ഒരു സീറ്റു മാത്രമെ നല്‍കുകയുള്ളുവെന്ന കോണ്‍ഗ്രസ് നിലപാടിനോടുള്ള അതൃപ്തി കെ എം മാണി പ്രകടപ്പിച്ചു. കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റിന് അര്‍ഹതയുണ്ടെന്ന് കെ എം മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടു സീറ്റ് തന്നാല്‍ യുഡിഎഫിന് നന്നായിരിക്കും രണ്ടു സീറ്റു തന്നാല്‍ രണ്ടും തങ്ങള്‍ നേടിയെടുക്കും.എന്നാല്‍ ഒരു സീറ്റില്‍ തങ്ങളെ ഒതുക്കാനാണ് ശ്രമിക്കുന്നത്. അതില്‍ പാര്‍ടിക്ക് വളരയേറെ ബുദ്ധിമുട്ടുണ്ട്.യുഡിഎഫ് ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കും.വിഷയത്തില്‍ പാര്‍ടി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തണം.അതിനു ശേഷം തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. സീറ്റിന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും നേതാക്കള്‍ അറിയിച്ചു.ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടണമെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെ കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫിന്റെ നിലപാട് നിര്‍ണായകമായി മാറിയിരിക്കുകയാണ്. രണ്ടു സീറ്റെന്ന് നിലപാടില്‍ നിന്നും പിന്നോട്ടു പോകാന്‍ ജോസഫ് തയാറായിട്ടില്ല. തനിക്ക് മല്‍സരിക്കണമെന്നാഗ്രഹവും ജോസഫ് പ്രകടിപ്പിച്ചിരുന്നു. കോട്ടയം സീറ്റ്് മാണി ജോസഫിനു വിട്ടു നല്‍കില്ലെന്ന് ജോസഫിനറിയാം ഈ സാഹചര്യത്തിലാണ് തനിക്ക് ഏറെ സ്വാധീനമുള്ള ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് ജോസഫ് നിലപാടെടുത്തത്. എന്നാല്‍ ഈ രണ്ടു സീറ്റും നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെ ജോസഫ് വെട്ടിലായിരിക്കുകയാണ്.ഒറ്റ സീറ്റില്‍ മാത്രം ഒതുങ്ങേണ്ടി വരുന്നതോടെ കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Next Story

RELATED STORIES

Share it