Sub Lead

പാമ്പുരുത്തിയിലെ കള്ളവോട്ട്; ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ കള്ളവോട്ട് ചെയ്‌തെന്ന എല്‍ഡിഎഫ് പരാതിയില്‍ 12 ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

പാമ്പുരുത്തിയിലെ കള്ളവോട്ട്; ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
X

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ കള്ളവോട്ട് ചെയ്‌തെന്ന എല്‍ഡിഎഫ് പരാതിയില്‍ 12 ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 10 മണിക്ക് ഹാജരാകാനാണ് കണ്ണൂര്‍ ജില്ലാകലക്ടര്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. 199 പേരുടെ കള്ളവോട്ട് സിപിഎം ചെയ്‌തെന്ന യുഡിഎഫ് പരാതിയില്‍ കലക്ടറുടെ തുടര്‍നടപടി പാമ്പുരുത്തി റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും ഉണ്ടാവുക.

വിഷയത്തില്‍ ബൂത്ത് ഏജന്റുമാരുടെയും പോളിങ് ഉദ്യോഗസ്ഥരുടെയും മൊഴി ജില്ലാ കലക്ടര്‍ രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെ ലീഗ് പ്രവര്‍ത്തകരില്‍ പാമ്പുരുത്തി ഗവണ്‍മെന്റ് എയുപി സ്‌കൂളിലെ 166ാം ബൂത്തില്‍ വോട്ട് ചെയ്ത 11പേരും ചെങ്ങളായിയില്‍ ഇരട്ട വോട്ട് ചെയ്ത അബ്ദുള്‍ ഖാദര്‍ എന്നയാളും ഉള്‍പ്പെടുന്നു.

ഇവരുടെ മൊഴിയെടുത്ത ശേഷം വീഡിയോ ദൃശ്യങ്ങളുടെ വിശദാംശങ്ങളും കൂടി ചേര്‍ത്ത് കള്ളവോട്ട് സ്ഥിരീകരിക്കാനാകുമോ എന്ന കാര്യത്തില്‍ ജില്ലാകലക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തടക്കം 199 പേര്‍ കള്ളവോട്ട് നടത്തിയെന്ന തെളിവ് സഹിതമുള്ള കോണ്‍ഗ്രസിന്റെ പരാതി ഇതിന് ശേഷമാകും ജില്ലാ കലക്ടര്‍ പരിശോധിക്കുക.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകള്‍ കള്ളവോട്ട് ചെയ്‌തെന്നും 5 വോട്ട് വരെ ചെയ്തവരുണ്ടെന്നും പേരും വിലാസവും അടക്കമുള്ള പരാതിയില്‍ പറയുന്നു. കണ്ണൂരിലെ അട്ടിമറി നടന്ന 125 ബൂത്തുകളിലെ വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ കോണ്‍ഗ്രസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേ സമയം, കാസര്‍ഗോഡ് ജില്ലയിലെ അതീവ പ്രശ്‌ന ബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് ഇന്ന് തിരഞ്ഞെടുപ്പ് വരണാധികാരിക്ക് കൈമാറും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം 43 ബൂത്തുകളിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. പരിശോധനക്ക് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറാണ് വരണാധികാരികൂടിയായ കലക്ടര്‍ക്ക് റിപോര്‍ട്ട് കൈമാറുക. കാസര്‍ഗോഡ് നിയമസഭാ മണ്ഡലത്തിലെ നാലും ഉദുമയിലെ മൂന്നും കാഞ്ഞങ്ങാട്ടെ പതിമൂന്നും തൃക്കരിപ്പൂരിലെ ഇരുപത്തിമൂന്നും ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്.

Next Story

RELATED STORIES

Share it