Top

അറബ് - ഇസ്രയേല്‍ കരാറിനെതിരേ ഫലസ്തീനില്‍ കത്തുന്ന പ്രതിഷേധം; ആയിരങ്ങള്‍ തെരുവിലിറങ്ങി, കരാറിനെ അപലപിച്ച് മഹ്മൂദ് അബ്ബാസ്

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളും ഫലസ്തീന്‍ പതാകകളുമേന്തി വെസ്റ്റ് ബാങ്ക് നഗരങ്ങളായ നബുലസ്, ഹെബ്രോണ്‍, ഗസ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരാണ് പ്രതിഷേധങ്ങളില്‍ അണിനിരന്നത്.

അറബ് - ഇസ്രയേല്‍ കരാറിനെതിരേ ഫലസ്തീനില്‍ കത്തുന്ന പ്രതിഷേധം; ആയിരങ്ങള്‍ തെരുവിലിറങ്ങി, കരാറിനെ അപലപിച്ച് മഹ്മൂദ് അബ്ബാസ്
X

റാമല്ല: ഇസ്രയേലുമായി നയതന്ത്ര കരാര്‍(അബ്രഹാം ഉടമ്പടി) ഒപ്പിട്ട യുഎഇ, ബഹ്‌റെയ്ന്‍ നടപടിയെ അലപിച്ച് അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഗസ മുനമ്പിലും ആയിരക്കണക്കിന് ഫലസ്തീനികള്‍ തെരുവിലിറങ്ങി. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളും ഫലസ്തീന്‍ പതാകകളുമേന്തി വെസ്റ്റ് ബാങ്ക് നഗരങ്ങളായ നബുലസ്, ഹെബ്രോണ്‍, ഗസ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരാണ് പ്രതിഷേധങ്ങളില്‍ അണിനിരന്നത്. ഫലസ്തീന്‍ അതോറിറ്റിയുടെ (പിഎ) ആസ്ഥാനമായ റാമല്ലയില്‍ നടന്ന പ്രകടനത്തിലും നിരവധി പേര്‍ പങ്കെടുത്തു.

'രാജ്യദ്രോഹം', 'അധിനിവേശകരുമായി കരാര്‍ വേണ്ട', 'ലജ്ജയുടെ കരാറുകള്‍' തുടങ്ങിയ ബാനറുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഗസാ മുനമ്പിലൂടെ നടന്നാല്‍ ഇസ്രയേല്‍ ഉപരോധത്തിനെതിരെ പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ മാത്രം കാലുകള്‍ നഷ്ടപ്പെട്ട് ജീവച്ഛമായ നൂറുകണക്കിന് ഗസ യുവാക്കളെ നിങ്ങള്‍ക്ക് കാണാമെന്ന് നയതന്ത്ര കരാറിനെതിരേ തെരുവിലിറങ്ങിയ ഗസയില്‍ നിന്നുള്ള ഫലസ്തീനി യുവാവ് എമാദ് എസ്സ പറഞ്ഞു.


ഫലസ്തീനികള്‍ക്കെതിരായ ഇസ്രയേലികളുടെ കുറ്റകൃത്യങ്ങളുടെ മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്തുകണ്ടിട്ടുള്ളത്. ഇസ്രയേലുമായി കരാറുകള്‍ ഉണ്ടാക്കി യുഎഇയും ബഹ്‌റെയ്‌നും ഇസ്രയേലിന്റെ ഈ കുറ്റകൃത്യങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയാണ്. വളരെ കുറഞ്ഞ വിലയ്ക്ക് ഫലസ്തീന്‍ വിറ്റ നേതാക്കളുടെ നെറ്റിയില്‍ നാണക്കേടുണ്ടാക്കുന്നതാണ് ഈ ഇടപാടുകളെന്നും എമാദ് എസ്സ കുറ്റപ്പെടുത്തി.

നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബഹ്‌റെയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, അബുദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രതിഷേധക്കാര്‍ ചവിട്ടിമെതിച്ചു. അധിനിവിഷ്ട പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറിയാല്‍ മാത്രമേ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരൂവെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.


'ഇസ്രായേല്‍ അധിനിവേശം അവസാനിക്കുന്നതുവരെ ഈ പ്രദേശത്ത് സമാധാനവും സുരക്ഷയും സ്ഥിരതയും കൈവരിക്കില്ലെന്നും ഒപ്പിടല്‍ ചടങ്ങിന് പിന്നാലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. കരാറിനെതിരേ പ്രതിഷേധിച്ച് തെരുവിലിറങ്ങാന്‍ ഫലസ്തീന്‍ യൂണിഫൈഡ് നാഷണല്‍ കമാന്‍ഡ് ഓഫ് പോപ്പുലര്‍ റെസിസ്റ്റന്‍സ് ആഹ്വാനം ചെയ്തു. 'എല്ലാ ചത്വരങ്ങളിലും കെട്ടിടങ്ങളിലും വീടുകളിലും കറുത്ത പതാകകള്‍ ഉയര്‍ത്തുന്ന വിലാപ ദിനമായി' ആചരിക്കണമെന്ന് സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ചതിന്റെ അടയാളമായി സോഷ്യല്‍ മീഡിയയില്‍ അറബിയില്‍ 'ബ്ലാക്ക് ഡേ' എന്ന ഹാഷ്ടാഗ് ആരംഭിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ചായിരുന്നു യുഎഇയും ബഹ്‌റെയ്‌നും ഇസ്രയേലുമായി കരാര്‍ ഒപ്പുവച്ചത്. ഇസ്രയേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒപ്പുവച്ചപ്പോള്‍ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കരാറില്‍ ഒപ്പിട്ടത്.

ഇസ്രയേലുമായുള്ള സമ്പൂര്‍ണ സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎഇ കരാറില്‍ ഒപ്പുവച്ചത്. 48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിന് ഇതോടെ അവസാനമായി.

ആദ്യം യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. തുടര്‍ന്ന് ബഹ്‌റെയ്ന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ബെഞ്ചമിന്‍ നെതന്യാഹുവും സമാധാന പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. ഇതോടെ, ഇസ്രായേലുമായി നയതന്ത്രം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം നാലായി. ഈജിപ്തും ജോര്‍ദാനുമാണ് നേരത്തെതന്നെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങള്‍. ഇസ്രയേലുമായി യുഎഇയും ബഹ്‌റെയ്‌നും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാര്‍ വഴിതുറക്കും.

ലോകമെങ്ങുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ജറുസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ പ്രാര്‍ഥനക്കെത്താന്‍ കരാര്‍ വഴിയൊരുക്കുമെന്ന് ട്രംപ് പറഞ്ഞു.സമാധാനത്തിലേക്കുള്ള ചരിത്ര ദിനം എന്നായിരുന്നു ട്രംപ് ഈ ദിനത്തെ വിശേഷിപ്പിച്ചത്. യുഎഇയുടെയും ബഹ്‌റെയ്‌ന്റേയും പാതയില്‍ കുടുതല്‍ രാജ്യങ്ങള്‍ എത്തുമെന്നും അദേഹം പറഞ്ഞു. മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചടങ്ങിന് സാക്ഷിയായത്.

ഇസ്രയേലുമായുള്ള തമ്മിലുള്ള കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ 1972ലെ 15ാം നമ്പര്‍ ഫെഡറല്‍ നിയമം യുഎഇ റദ്ദാക്കിയിരുന്നു. ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തില്‍ യുഎഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രയേലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റ് രാജ്യങ്ങളിലുള്ള ഇസ്രയേല്‍ പൗരന്മാരുമായോ ഇസ്രയേല്‍ സ്ഥാപനങ്ങളുമായോ സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റ് ഇടപാടുകളിലും ഏര്‍പ്പെടുന്നതിനും സാധിക്കും. ഇസ്രയേലി ഉല്‍പ്പന്നങ്ങളും ചരക്കുകളും രാജ്യത്ത് എത്തിക്കാനും ക്രയവിക്രയം ചെയ്യാനും കൈവശം വെക്കാനും അനുവാദമുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it