Top

പാലത്തായി സ്‌കൂള്‍ പീഡനം: പെണ്‍കുട്ടിയെ നിരന്തരം ചോദ്യംചെയ്യുന്നു; പ്രതിയായ ബിജെപി നേതാവിനു സുഖവാസം

പാലത്തായി സ്‌കൂള്‍ പീഡനം: പെണ്‍കുട്ടിയെ നിരന്തരം ചോദ്യംചെയ്യുന്നു; പ്രതിയായ ബിജെപി നേതാവിനു സുഖവാസം
X

കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അധ്യാപകനെതിരായ കേസ് അട്ടിമറിക്കാന്‍ നീക്കം. കൊവിഡ് ഭീതി കാരണം പ്രത്യക്ഷ സമരങ്ങളില്‍ നിന്നു യുവജന സംഘടനകളും പാര്‍ട്ടികളും വിട്ടുനില്‍ക്കുമ്പോഴാണ് ബിജെപി തൃപ്രങ്ങോട്ടൂര്‍ മണ്ഡലം പ്രസിഡന്റ് കുനിയില്‍ പത്മരാജനെതിരായ അന്വേഷണം അട്ടിമറിക്കാനാണ് ഉന്നത തലത്തില്‍ നീക്കം നടക്കുന്നത്. ഗുരുതരമായ പോക്‌സോ കേസായിട്ടും മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലിസ് തയ്യാറാവാത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന സംശയം ബലപ്പെടുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി, സംസ്ഥാന പോലിസ് മേധാവി, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും അധ്യാപകന്‍ ഒളിവിലാണെന്ന തൊടുന്യായം പറഞ്ഞ് പ്രതിയെ സംരക്ഷിക്കുകയാണ് പോലിസ്.

കുട്ടി പീഡനത്തിനരയായെന്ന വൈദ്യപരിശോധനാഫലവും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയും പോലിസിന് ലഭിച്ചിട്ടും ഇരയെ നിരന്തരം മൊഴിയെടുത്ത് ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കേസന്വേഷിക്കുന്ന പാനൂര്‍ സിഐയും ഡിവൈഎസ്പിയും ഉള്‍പ്പെടെ പത്തോളം തവണ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. പോക്‌സോ കേസില്‍ മൊഴി നല്‍കിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന നിയമം നിലനില്‍ക്കെയാണ്, മറ്റു കേസുകളില്‍നിന്നു വ്യത്യസ്തമായി പാലത്തായി കേസില്‍ സംഭവിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

പാലത്തായി യുപി സ്‌കൂളില്‍ പഠിക്കുന്ന നാലാം തരം വിദ്യാര്‍ഥിനിയെയാണ് അതേ സ്‌കൂളിലെ അധ്യാപകന്‍ പീഡിപ്പിച്ചത്. എല്‍എസ്എസിന്റെ പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞാണ് അവധി ദിവസം കുട്ടിയെ സ്‌കൂളിലേക്ക് വിളിപ്പിച്ച് ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും മാതാവിനെയും കൊന്ന് കളയുമെന്ന് പത്മരാജന്‍ ഭീഷണിപ്പെടുത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 17ന് ചൈല്‍ഡ് ലൈന്‍ ടീം വീട്ടിലെത്തിയാണ് ആദ്യമൊഴിയെടുത്തത്. അന്നേദിവസം തന്നെ പാനൂര്‍ പോലിസും വീട്ടിലെത്തി മൊഴിയെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിറ്റേന്ന്കുട്ടിയെ തലശ്ശേരിയില്‍ വൈദ്യപരിശോധന നടത്തുകയും അന്നേദിവസം വൈകീട്ട് മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു. മാര്‍ച്ച് 19ന് രാവിലെ പാനൂര്‍ എസ് ഐ വീട്ടിലെത്തി കുട്ടിയെ ചോദ്യംചെയ്തു. വീണ്ടും മാര്‍ച്ച് 21ന്തലശ്ശേരി ഡി വൈഎസ്പി കുട്ടിയേയും രക്ഷിതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ച് രാവിലെ 11 മുതല്‍ വൈകീട്ട് 4.30 വരെ മാരത്തണ്‍ ചോദ്യം ചെയ്യലിനാണു വിധേയമാക്കിയത്. അന്നേ ദിവസം സ്വകാര്യ ചാനലില്‍ ഇതുസംബന്ധിച്ച് നടത്തിയ

പരിപാടിയില്‍ തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ കുറ്റകൃത്യം നടന്നുവെന്നത് തെളിയിക്കപ്പെട്ടതാണെന്നു സമ്മതിച്ചിരുന്നു. മാര്‍ച്ച് 22ന് ഡിവൈഎസ് പിയുടെ നേതൃത്വത്തില്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്തു. ഇതിനുശേഷം കുട്ടിക്ക് മാനസികപ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്ന് എസ് ഐ ആവശ്യപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കള്‍വിസമ്മതിച്ചെങ്കിലും ആവര്‍ത്തിച്ച് നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിക്കുകയും മാര്‍ച്ച് 27ന് അതനുസരിച്ച് പോലിസിന്റെ കൂടെ കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള ഇംഹാന്‍സില്‍ കൊണ്ടുപോയി ഡോക്ടറെ കണ്ടു. ഒരു ലേഡി ഡോക്ടറും ഒരു മെയില്‍ ഡോക്ടറുംകുട്ടിയെ തനിച്ച് വിളിച്ച് സംസാരിച്ചിട്ടുണ്ട്.

ഇതിനിടെ, പെണ്‍കുട്ടിയോട് ഡോക്ടര്‍ 'നിന്നെ പീഡിപ്പിച്ചത് മദ്‌റസ അധ്യാപകനല്ലേ, അയാളുടെ പേര് പറയൂ' എന്നു നിര്‍ബന്ധിച്ചെങ്കിലും കുട്ടി ഇക്കാര്യം നിഷേധിച്ചെന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വെറും 9 വയസ്സുള്ള പെണ്‍കുട്ടിയെ നിരന്തരം ചോദ്യം ചെയ്യുകയും മാനസിക നില പരിശോധിക്കുകയും ചെയ്യുന്നത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ശക്തമാണ്. മാര്‍ച്ച് 30നാണ് വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. ഡിജിപി, വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്കും പരാതിയയച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ ഒമ്പതിന് പരാതിയിന്‍മേലുള്ള തുടര്‍ നടപടിയെക്കുറിച്ച് അറിയിക്കാനാവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് ഇ-മെയില്‍ അയക്കുകയും ചെയ്തു. വിഷയത്തില്‍ പോലിസ് അനാസ്ഥ അവസാനിപ്പിച്ച് പ്രതി പത്മരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
Next Story

RELATED STORIES

Share it