Sub Lead

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 25 പേര്‍ ചികിത്സയില്‍

കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 25 പേര്‍ ചികിത്സയില്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 237 പേരാണ് ആശുപത്രിയിലുള്ളത്. ഇന്ന് മാത്രം 64 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഇന്ന് പുതുതായി 6,103 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 5,155 പേരെ രോഗബാധ ഇല്ലെന്നു കണ്ട് നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. 2,921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2,342 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും അംഗങ്ങളുമായി പ്രതിപക്ഷ നേതാവിനോടൊപ്പം സംസാരിച്ചു. കോവിഡ് 19 വ്യാപനം തടഞ്ഞുനിര്‍ത്താനുള്ള യോജിച്ച ഇടപെടല്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതിന്റെ അനിവാര്യതയാണ് അതില്‍ ഊന്നിപ്പറഞ്ഞത്.

സംസ്ഥാനം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്്. സാധാരണ ജനജീവിതത്തെ രോഗാണുവ്യാപനം ബാധിച്ചിരിക്കുന്നു. സാമ്പത്തികരംഗത്തും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കോവിഡ് കാരണം പ്രതിസന്ധിയിലായ നമ്മുടെ സാമ്പത്തിക മേഖലയെയും ജനജീവിതത്തെയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ചില സാമ്പത്തിക തീരുമാനങ്ങള്‍ എടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്

1.കുടുംബശ്രീ വഴി ഈ വരുന്ന രണ്ടു മാസങ്ങളില്‍ രണ്ടായിരം കോടി രൂപയുടെ വായ്പ നല്‍കും.

2.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന രണ്ടായിരം കോടി രൂപ ഏപ്രില്‍, മെയ് മാസങ്ങളില്‍ വിനിയോഗിക്കും.

3.രണ്ടുമാസത്തെ (ഏപില്‍ അടക്കം) സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം നല്‍കും. 1,320 കോടി രൂപയാണ് ഇതിനായി ചെലവാക്കുക.

4.ക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ക്ക് ആയിരം രൂപ വീതം ഉപജീവന സഹായമായി നല്‍കും. ഇതിനുവേണ്ടി നൂറുകോടി രൂപ വിനിയോഗിക്കും.

5.പൊതുവിതരണ സമ്പ്രദായത്തിലൂടെ നൂറുകോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി നല്‍കും. ബി.പി.എല്‍ അന്ത്യോദയ ഒഴികെയുള്ളവര്‍ക്ക് പത്ത് കിലോ വീതമാണ് നല്‍കുക.

6.വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് കൊടുക്കാന്‍ ഭക്ഷണശാലകള്‍ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആയിരം ഭക്ഷണശാലകള്‍ ഏപ്രില്‍ മാസം തന്നെ തുടങ്ങും. ഊണിന് 25 എന്നത് 20 രൂപയായി കുറയ്ക്കും.ഇതിനുവേണ്ടി 50 കോടി രൂപ ചെലവിടും.

7.കോവിഡ് ബാധയെത്തുടര്‍ന്ന് ആരോഗ്യമേഖലയില്‍ കൂടുതല്‍ ചെലവുകള്‍ വേണ്ടിവരുന്നു. ഇതിനു വേണ്ടി 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിക്കുകയാണ്.

8.സംസ്ഥാന സര്‍ക്കാര്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള എല്ലാ കുടിശ്ശികയും ഏപ്രില്‍ മാസത്തില്‍ കൊടുത്തുതീര്‍ക്കും. പതിനാലായിരം കോടി രൂപയാണ് ഇതിന് ചെലവിടുന്നത്.

9.എല്ലാം ചേര്‍ത്ത് ഇരുപതിനായിരം കോടി രൂപ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലേക്ക് എത്തിക്കുകയാണ്. ഇതിലൂടെ കോവിഡ്19 ബാധമൂലം ഉണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാനാണ് ശ്രമം.

10.ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ചാര്‍ജ് ഇളവ് നല്‍കും. മറ്റ് വിധത്തില്‍ ഈ വിഭാഗത്തെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കും. റൂട്ട് ബസ് (സ്‌റ്റേജ് കാര്യേജ്), കോണ്‍ട്രാക്ട് കാര്യേജ് എന്നിവയുടെ നികുതിയില്‍ ഒരു ഭാഗം ഇളവ് നല്‍കും. മൂന്നു മാസത്തെ നികുതിയില്‍ ഒരു മാസത്തെ ഇളവാണ് റൂട്ട് ബസ്സുകള്‍ക്ക് നല്‍കുക. കോണ്‍ട്രാക്ട് കാര്യേജിനും ഇതിനു തുല്യമായ ഇളവ് നല്‍കും. ഇതിനു വേണ്ടി 23.6 കോടി രൂപയുടെ ഇളവാണ് ഇതിലൂടെ നല്‍കുന്നത്.

11.വൈദ്യുതിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശം നല്‍കും.

12.സിനിമാ തിയറ്ററുകള്‍ക്ക് എന്റര്‍ടെയ്‌മെന്റ് ടാക്‌സില്‍ ഇളവു നല്‍കും.

കോവിഡ് 19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂര്‍ണ പിന്തുണയും സഹായവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ മോശമാവുകയാണെങ്കില്‍ എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് സേനാവിഭാഗങ്ങളുടെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ഇന്ന് ചര്‍ച്ച നടത്തി.

നേരത്തേ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും മറ്റും സേനാവിഭാഗങ്ങള്‍ സംസ്ഥാനത്തിന് നല്‍കിയ സേവനം പ്രശംസനീയമാണ്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് 19 വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ട് വിപുലവും ഫലപ്രദവുമായ തയ്യാറെടുപ്പ് സര്‍ക്കാര്‍ നടത്തുകയാണ്. ദുരന്തം ഒഴിവാക്കുന്നതിന് നടത്തുന്ന തയ്യാറെടുപ്പില്‍ സേനാവിഭാഗങ്ങളുടെ പൂര്‍ണ സഹായം ആവശ്യപ്പെട്ടു.

സേനകളുടെ ആശുപത്രികളിലെ സൗകര്യം അടിയന്തര സാഹചര്യത്തില്‍ കൊറോണ കെയറിന് വേണ്ടി ഉപയോഗിക്കാമെന്ന് മേധാവികള്‍ ഉറപ്പ് നല്‍കി. ആര്‍മി ബാരക്കുകള്‍ താല്‍ക്കാലിക കൊറോണ കെയര്‍ സെന്ററാക്കി മാറ്റാം. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും ടെക്‌നിക്കല്‍ സ്റ്റാഫിന്റേറയും സേവനം വിട്ടുനല്‍കും. ആംബുലന്‍സുകളുമുണ്ടാകും.

അടിയന്തര സാഹചര്യത്തില്‍ രോഗികളെ മാറ്റുന്നതിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കും. മരുന്ന്, ഭക്ഷണം, ചികിത്സാസാധനങ്ങള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഹെലികോപ്റ്റര്‍ ഉപയോഗിക്കും. സേനകളുടെ നിയന്ത്രണത്തിലുള്ള മറ്റു വാഹനങ്ങളും വിട്ടുനല്‍കും. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും.

സംസ്ഥാനത്ത് സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, റീജണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നീ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് പരിശോധനാ സംവിധാനം വ്യാപിപ്പിച്ചിട്ടുണ്ട്.

പരീക്ഷകള്‍ ഈ ഘട്ടത്തില്‍ നിര്‍ത്തിവെക്കേണ്ടതില്ല എന്നാണ് തീരുമാനം. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത് ഒഴിവാക്കണം.-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it