കരീം മുസ്‌ല്യാര്‍ വധശ്രമം: ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

മുഖ്യപ്രതിയടക്കമുള്ള നാല് പേരെ പിടികൂടാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷവും പ്രദേശത്ത് തന്നേയുണ്ടായിരുന്ന പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കരീം മുസ്‌ല്യാര്‍ വധശ്രമം:  ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കാസര്‍ഗോഡ്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ സംഘപരിവാര്‍ ഹാര്‍ത്താലില്‍ മദ്‌റസാ അധ്യാപനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ബായാര്‍ കരീം മുസ്‌ല്യാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബായാറിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രശാന്ത് എന്ന ശ്രീധറി(27)നെയാണ് അഡീ. എസ്‌ഐ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. അതേസമയം, മുഖ്യപ്രതിയടക്കമുള്ള നാല് പേരെ പിടികൂടാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷവും പ്രദേശത്ത് തന്നേയുണ്ടായിരുന്ന പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെ, കരീം മുസ്‌ല്യാരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. പോലിസുകാരെ കണ്ട പ്രതി താന്‍ ഓടിച്ച സ്‌കൂട്ടര്‍ പോലിസുകാര്‍ക്കു നേരെ ഓടിച്ചുവിട്ട് രക്ഷപ്പെട്ടെന്നാണു പോലിസുകാര്‍ പറയുന്നത്. സ്‌കൂട്ടറിടിച്ച് രണ്ട് പോലിസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതിയായ കന്യാന സ്വദേശി ഒളിവില്‍ കഴിയുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സി ബി തോമസും സംഘവുമെത്തിയത്. ഇതിനിടെയാണ് പോലിസിനെ കണ്ട് പ്രതി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ പോലിസുകാര്‍ക്കു നേരെ വിട്ട് ഓടിരക്ഷപ്പെട്ടത്. സ്‌കൂട്ടര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ശബരിമല വിഷയവുമായി യാതൊരു ബന്ധമില്ലാത്ത കരീം മുസ്‌ല്യാരെ ആര്‍എസ്എസ്സുകാര്‍ വധിക്കാന്‍ ശ്രമിച്ചത് നിയമസഭയില്‍ പോലും ചര്‍ച്ചക്കിടയാക്കിയിരുന്നു. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ബോധ പൂര്‍വ്വമുള്ള ആക്രമണങ്ങളാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നടന്നതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നു. ആര്‍എസ്എസ്സിന്റെ കലാപ ശ്രമം തിരിച്ചറിഞ്ഞിട്ടും പോലിസ് നടപടി കാര്യക്ഷമമാക്കാത്തത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന പ്രതിപക്ഷ ആവശ്യവും നിരാകരിക്കപ്പെട്ടു. കരീം മുസ്‌ല്യാര്‍ക്ക് ആര്‍എസ്എസ്സുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് പരിശോധിച്ച് തീരുമാനം എടുക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

RELATED STORIES

Share it
Top