Sub Lead

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സംസ്ഥാന നിയമസഭ നിയമം കൊണ്ടുവന്ന് ഒരാഴ്ച തികയുന്നതിനു മുമ്പാണ് ജനക്കൂട്ടം നിയമം കയ്യിലെടുത്തത്.

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ രണ്ടിടങ്ങളിലുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സംസ്ഥാന നിയമസഭ നിയമം കൊണ്ടുവന്ന് ഒരാഴ്ച തികയുന്നതിനു മുമ്പാണ് ജനക്കൂട്ടം നിയമം കയ്യിലെടുത്തത്. സഹജദ്പൂര്‍-ഫുലിയാപാറ മേഖലയിലുള്ള 32കാരനായ കബീര്‍ ഷെയ്ക്കാണ്ബഹരംപൂര്‍ നഗരത്തിലെ ലാല്‍ബാഗ് മേഖലയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ലാല്‍ബാഗിലെ മെഡിക്കല്‍ സ്റ്റോറില്‍ കയറി ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ഡോക്ടറുടെ ചേംബര്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. പിന്നീട് മെഡിക്കല്‍ സ്റ്റോറിന്റെ ഓപണ്‍ ഏരിയയില്‍ കബീറിന്റെ മൃതദേഹം കയ്യും കാലും കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് പോലിസ് ചോദ്യം ചെയ്തുവരികയാണ്.

സൗദി അറേബ്യയില്‍ നിര്‍മാണത്തൊഴിലാളിയായ കബീര്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്. കബീര്‍ ഡോക്ടറുടെ ചേംബറിലെത്തിയത് എന്തിനാണ് എന്ന കാര്യത്തില്‍ പോലിസ് അന്വേഷണം നടത്തിവരികയാണ്. കബീറിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോ എന്നു സംശയിക്കുന്നതായും പോലിസ് പറഞ്ഞു. എന്നാല്‍ തന്റെ ഭര്‍ത്താവിന് മാനസികമായി പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കബീറിന്റെ ഭാര്യ അഖ്‌ലിമി ബീവി ആവശ്യപ്പെട്ടു.

അതേസമയം, രണ്ടു പേരെ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വടക്കന്‍ ബംഗാളിലെ ആലിപൂര്‍ദൂര്‍ ജില്ലയില്‍ ഏഴു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി രാജ്ഗുഞ്ജ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പെടുന്ന ബനിയാപാര ഗ്രാമത്തിലെ സംഭവം.സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ഇരുവരെയും ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലിസ് എത്തിയാണ് ഇരുവരെയും രക്ഷിച്ചത്.

ഇരുവരെയും ജീപ്പില്‍ കയറ്റി കൊണ്ടുപോവാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതോടെ കൂടുതല്‍ പോലിസെത്തിയാണ് ഇരുവരെയും സംഭവസ്ഥലത്തുനിന്ന് മാറ്റിയത്. ക്ഷുഭിതരായ ജനക്കൂട്ടം പോലിസിനെ ആക്രമിക്കുകയും വാഹനം കേടുവരുത്തുകയും ചെയ്തു. കഴിഞ്ഞ മാസം 31ന് ആള്‍ക്കൂട്ട കൊലപാതക ക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമം പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കിയിരുന്നു.


Next Story

RELATED STORIES

Share it