Sub Lead

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്റെ പൊതുമാപ്പ്

ഒമാന്റെ ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒമാനോട് ആവശ്യപ്പെട്ടിരുന്നു

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്റെ പൊതുമാപ്പ്
X

ന്യൂഡല്‍ഹി: മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒമാന്റെ നടപടി. വിവിധ കേസുകളില്‍ ഒമാനില്‍ തടവുശിക്ഷ അനുഭവിച്ചു വരുന്ന മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്കാണ് പൊതുമാപ്പ് ലഭിച്ചത്. ഒമാന്റെ ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒമാനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് ഒമാന്റെ നടപടി. നവംബര്‍ 18ആണ് ഒമാന്‍ ദേശീയ ദിനമായി ആചരിക്കുന്നത്.

മലപ്പുറം സ്വദേശി രമേശന്‍ കിനാത്തെരിപറമ്പില്‍,തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍. രമേശന്‍ കിനാത്തെരിപറമ്പില്‍, പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവര്‍ക്ക് ഒരു വര്‍ഷം തടവും ഷിജു ഭുവന ചന്ദ്രന് 10 വര്‍ഷം തടവുശിക്ഷയുമാണ് ലഭിച്ചത്. കൊലപാതക കേസിലാണ് ഷിജു ഭുവന ചന്ദ്രന്റെ ശിക്ഷ.

ആന്ധ്രപ്രദേശ് സ്വദേശികളായ കിരണ്‍ കുമാര്‍, സുബ്ഹാന്‍ ബാഷ ഷെയ്ഖ്, ഖാദര്‍ പാഷ ഷെയ്ക്ക്, ശ്രീനു റ്യാപനി, പരിപല്ലി ചന്ദ്രമോഹന്‍, രാജസ്ഥാന്‍ സ്വദേശികളായ ഇഖ്ബാല്‍ അലി ആസിഫ്, മുഹമ്മദ് സാദിഖ്, സയ്യിദ് സിഖന്ദര്‍ അലി നവാബ്, ജഗദീഷ് സവായി സിങ്, സെയ്ദ് മൊയിനുദ്ദീന്‍, ഗഫൂര്‍ ഖാന്‍ ഷംസുദ്ദീന്‍, മുഹമ്മദ് മുറാദ് അലി, അല നൂര്‍ അലി, മുഹമ്മദ് ഹനീഫ്, മഹാരാഷ്ട്ര സ്വദേശികളായ ആദില്‍ അമീര്‍, ഹനീഫ് ഷെയ്ഖ്, ഉത്തര്‍പ്രദേശ് സ്വദേശികളായ മെഹന്ദി ഹസന്‍, അബ്ദുല്‍ മജീദ്, മുഹമ്മദ് സാക്കിര്‍, കര്‍ണാടക സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ഇബ്രാഹീം, തെലങ്കാന സ്വദേശി ഇഖ്ബാല്‍ ഖാന്‍, ഡല്‍ഹി സ്വദേശി ഉല്‍സവ് മോത്തിലാല്‍ എന്നിവരും കനക കക്കയുമാണ് മലയാളികള്‍ക്ക് പുറമെ പൊതുമാപ്പ് ലഭിച്ചവര്‍.



Next Story

RELATED STORIES

Share it