Big stories

ഒമിക്രോണ്‍: പരിഭ്രാന്തി വേണ്ട; ജാഗ്രതയും പ്രതിരോധവും പ്രധാനമെന്ന് ഐസിഎംആര്‍

ഒമിക്രോണ്‍: പരിഭ്രാന്തി വേണ്ട; ജാഗ്രതയും പ്രതിരോധവും പ്രധാനമെന്ന് ഐസിഎംആര്‍
X

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദത്തെക്കുറിച്ച് (ഒമിക്രോണ്‍) ആരും പരിഭ്രാന്തരാവേണ്ടതില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). പകരം കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു. കൊവിഡിന്റെ പുതിയ വകഭേദം ലോകരാജ്യങ്ങളില്‍ ആശങ്ക പടര്‍ത്തുകയും ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐസിഎംആറിന്റെ പ്രതികരണം. അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകള്‍ ഇതുവരെയില്ല. എന്നിരുന്നാലും ജാഗ്രതയും പ്രതിരോധ നടപടികളും പ്രധാനമാണെന്ന് ഐസിഎംആറിലെ എപ്പിഡെമിയോളജി ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് മേധാവി സമീരന്‍ പാണ്ട പറഞ്ഞു.

വൈറസില്‍ ഘടനപരമായ മാറ്റങ്ങള്‍ കണ്ടെത്തിയേക്കാം. എന്നാല്‍, അത് മാരകമായിരിക്കണമെന്നില്ല. ഗുരുതരമായ രോഗത്തിലേക്ക് നയിച്ചത് സംബന്ധിച്ച ഡാറ്റകളൊന്നുമില്ല. തീര്‍ച്ചയായും കാത്തിരുന്ന് കാണേണ്ടതുണ്ട്. വാക്‌സിനേഷന്‍ ഉടനടി വര്‍ധിപ്പിക്കേണ്ടതുണ്ട്. വലിയൊരു വിഭാഗം ആളുകള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുകയാണെങ്കില്‍ അത് വലിയ ഗുണം ചെയ്യും. കൂടാതെ, അന്താരാഷ്ട്ര യാത്രക്കാര്‍ക്കിടയില്‍ ജനിതകക്രമം ശക്തിപ്പെടുത്തേണ്ടതുണ്ട്- സമീരന്‍ ചൂണ്ടിക്കാട്ടി. വൈറസില്‍ ഘടനപരമായ മാറ്റങ്ങള്‍ സംഭവിച്ചാല്‍ പകരുന്ന രീതി തുടരും. അതിനാല്‍, പ്രതിരോധ കുത്തിവയ്പ്പ്, പൊതുജനാരോഗ്യ നടപടികളായ മാസ്‌കിന്റെ ശരിയായ ഉപയോഗം, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കല്‍, സാനിറ്റൈസേഷന്‍ എന്നിവ ഇത്തരമൊരു സാഹചര്യത്തെ ചെറുക്കുന്നതിന് നിര്‍ണായകമാണ്.

എല്ലാ രാജ്യങ്ങളിലും നിരവധി കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒന്നിലധികം രാജ്യങ്ങളില്‍ കേസുകള്‍ കണ്ടെത്തിയതിനാലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഗോളതലത്തില്‍ ആളുകളുടെ സഞ്ചാരം കാരണം കേസുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കടന്നതിനാല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം. പല രാജ്യങ്ങളിലും ഈ മ്യൂട്ടേഷന്‍ മൂലമുള്ള കേസുകളുടെ എണ്ണം വളരെ കുറവാണ്. പിന്നെ അത് കൂടുതല്‍ പടര്‍ന്നുപിടിക്കുമെന്ന് എങ്ങനെ പറയും. ഞങ്ങള്‍ അതിനെക്കുറിച്ച് പരിശോധിച്ചുവരികയാണ്. അതിനുശേഷം മാത്രമേ കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനം കണക്കിലെടുത്ത് കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണം. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ജനങ്ങള്‍ സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിന്‍ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും, സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it