Sub Lead

തെളിവില്ല; അലിഗഡ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ് ഒഴിവാക്കും

റിപബ്ലിക് ടിവി ജീവനക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാംപസില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 12ന് വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കേസ് എടുത്തത്.

തെളിവില്ല; അലിഗഡ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ് ഒഴിവാക്കും
X

ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയിലെ 14 വിദ്യാര്‍ഥികള്‍ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കേസ് ഒഴിവാക്കുന്നു. ആവശ്യമായ തെളിവില്ലാത്തതിനാലാണ് ഇവര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതെന്ന് യുപി പോലിസ് അറിയിച്ചു. റിപബ്ലിക് ടിവി ജീവനക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാംപസില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 12ന് വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കേസ് എടുത്തത്.

ബിജെപി യുവമോര്‍ച്ച നേതാവ് മുകേഷ് ലോധിയുടെ പരാതിയിലായിരുന്നു കേസ്. നൂറുകണക്കിന് എഎംയു വിദ്യാര്‍ഥികള്‍ തന്റെ വാഹനം വളയുകയും അക്രമിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തതായി പരാതിയില്‍ ആരോപിച്ചിരുന്നു. വിദ്യാര്‍ഥികള്‍ പാകിസ്താന് അനുകൂലമായും ഇന്ത്യാ വിരുദ്ധമായും മുദ്രാവാക്യങ്ങള്‍ വിളിച്ചതായും മുകേഷ് ലോധി അവകാശപ്പെട്ടു. എന്നാല്‍, ഇക്കാര്യങ്ങള്‍ നിഷേധിച്ച യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ എഫ്‌ഐആര്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി.

ആരോപണത്തിന്റെ സ്വഭാവം മൂലമാണ് എഫ്‌ഐആറില്‍ രാജ്യദ്രോഹക്കുറ്റം ചേര്‍ത്തതെന്ന് അലിഗഡ് സിറ്റി പോലിസ് സൂപ്രണ്ട അശുതോഷ് ദ്വിവേദി പറഞ്ഞു. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കാന്‍ ആവശ്യമായ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസിന് പാക് അനുകൂലമോ ഇന്ത്യാ വിരുദ്ധമോ ആയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് കണ്ടെത്താനായില്ല.

റിപബ്ലിക് ടിവി സംഘവും ഏതാനും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും ദുരുദ്ദേശത്തോട് കൂടിയാണ് അന്ന് കാംപസിലെത്തിയതെന്ന് വിദ്യാര്‍ഥി യൂനിയന്‍ ആരോപിക്കുന്നു. റിപബ്ലിക് ടിവി റിപോര്‍ട്ടര്‍മാര്‍ അപഹാസ്യമായ ചോദ്യങ്ങള്‍ ചോദിക്കുകയും എഎംയു ഭീകരവാദ പ്രവര്‍ത്തനത്തിലും ദേശവിരുദ്ധ പ്രവര്‍ത്തനത്തിലും പങ്കാളികളാണെന്ന് ആരോപിക്കുകയും ചെയ്തതായി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് സല്‍മാന്‍ ഇംതിയാസ് പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഇതിനെ ചോദ്യം ചെയ്യുകയും അധികൃതരില്‍ നിന്ന് അനുമതി തേടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, റിപോര്‍ട്ടര്‍മാര്‍ വിദ്യാര്‍ഥികളുമായി വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ലൈംഗികമായി പീഡിപ്പിച്ചെന്ന രീതിയില്‍ കേസ് കൊടുക്കുമെന്ന് വനിതാ റിപോര്‍ട്ടര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, വിദ്യാര്‍ഥികള്‍ തങ്ങളെ കൈയേറ്റം ചെയ്തതായി റിപബ്ലിക് ടിവി സംഘം ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ഇവരെ നേരിട്ടതെന്ന് ഇംതിയാസ് പറഞ്ഞു.

Next Story

RELATED STORIES

Share it