Sub Lead

മഹാ നാടകം തുടരുന്നു; ബിജെപി തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെടുന്നതായി കോണ്‍ഗ്രസും എന്‍സിപിയും;എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്

സുപ്രിംകോടതി വിശ്വാസ വോട്ടെടുപ്പിന് ഇന്നു നിര്‍ദേശിക്കുകയാണെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഏറെ നിര്‍ണായകമാവും. ഭൂരിപക്ഷം ഉറപ്പിക്കാന്‍ എത്ര എംഎല്‍എമാര്‍ കൂടെയുണ്ട് എന്ന് പറയാന്‍ പോലും കോടതിയില്‍ ഞായറാഴ്ച ബിജെപിയുടെ അഭിഭാഷകന്‍ മുകുള്‍ റോതഗിക്കായില്ല

മഹാ നാടകം തുടരുന്നു; ബിജെപി തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെടുന്നതായി കോണ്‍ഗ്രസും എന്‍സിപിയും;എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്
X

ന്യൂഡല്‍ഹി: രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്ന മഹാരാഷ്ട്രയില്‍ ഫഡ്‌നവീസ് സര്‍ക്കാരിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇന്ന് ഏറെ നിര്‍ണായകം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് അനുവാദം നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരേ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികള്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോതി ഇന്നു പരിശോധിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ പരിശോധിക്കാനാണ് സുപിംകോടതി ഒരുങ്ങുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച്് ഗവര്‍ണര്‍ നല്‍കിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തുമാണ് കോടതി പരിശോധിക്കുന്നത്. പത്തരക്ക് കോടതി ചേരുന്നതിന് മുന്‍പ് രേഖകള്‍ എത്തിക്കണമെന്ന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രേഖകളുടെ സാധുത പരിശോധിച്ച ശേഷമാകും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന 'പ്രതിപക്ഷ' ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക.വിശ്വാസ വോട്ടെടുപ്പിന് മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.

ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിടുമെന്ന ഭയം നിലനില്‍ക്കെയാണ് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സംയുക്തമായി 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ദേവേന്ദ്ര ഫട്‌നവിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ നിയമസഭയില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്നും അവകാശപ്പെടുന്നുണ്ട്. ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടി റദ്ദു ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിശ്വാസ വോട്ടെടുപ്പ് മാത്രമേ മുന്‍പിലുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രിംകോടതി വിശ്വാസ വോട്ടെടുപ്പിന് ഇന്നു നിര്‍ദേശിക്കുകയാണെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഏറെ നിര്‍ണായകമാവും. ഭൂരിപക്ഷം ഉറപ്പിക്കാന്‍ എത്ര എംഎല്‍എമാര്‍ കൂടെയുണ്ട് എന്ന് പറയാന്‍ പോലും കോടതിയില്‍ ഞായറാഴ്ച ബിജെപിയുടെ അഭിഭാഷകന്‍ മുകുള്‍ റോതഗിക്കായില്ല. ചൊവ്വാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ഉത്തരവിടും എന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

അതിനിടെ, തങ്ങളുടെ എംഎല്‍എമാരെ പാര്‍പ്പിച്ച ഹോട്ടലുകളില്‍ ചില ബിജെപി നേതാക്കള്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെട്ടതായും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ആരോപിച്ചു.

എംഎല്‍എമാരെ ബിജെപിയിലേക്ക് ചാക്കിടാന്‍ രാധാകൃഷ്ണ വിഖെ പാട്ടീല്‍, നാരായണ റാണെ, ഗണേഷ് നായിക്, ബാബന്‍ റാവു പച്പുട്ട് എന്നിവരെ ചുമതല ഏല്‍പ്പിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, കുതിരക്കച്ചടവം ഭയന്ന് എന്‍സിപി തങ്ങളുടെ എംഎല്‍എമാരെ മുംബൈയിലെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഇരുസഭകളിലും വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും നോട്ടീസ് നല്‍കി. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിറുത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഗവര്‍ണ്ണറും പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാ മര്യാദകളും ലംഘിച്ചു എന്ന് പ്രതിപക്ഷം നല്‍കിയ നോട്ടീസ് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it