Sub Lead

ഒന്നര വര്‍ഷം പിന്നിട്ടിട്ടും ജെഎന്‍യു സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍

പാര്‍ലമെന്റിന് മുമ്പാകെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.2020 ജനുവരിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഒന്നര വര്‍ഷം പിന്നിട്ടിട്ടും ജെഎന്‍യു സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ജെഎന്‍യു കാംപസില്‍ മുഖംമൂടി സംഘം മാരകായുധങ്ങളുമായി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന് മുമ്പാകെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.2020 ജനുവരിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അന്വേഷണ സംഘം സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

2020 ജനുവരി അഞ്ചിനാണ് അമ്പതോളം വരുന്ന മുഖംമൂടി ധാരികള്‍ മാരകായുധങ്ങളുമായി ജെഎന്‍യു കാംപസില്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്. ഹോസ്റ്റലുകളിലും ക്ലാസ് മുറികളിലും സംഘം മണിക്കൂറുകളോളം അഴിഞ്ഞാടി.ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായിരുന്ന ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.

ആക്രമണത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് തെളിവ് സഹിതം പുറത്തുവന്നിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ ടുഡേയോട് ഇക്കാര്യം സമ്മതിച്ചിരുന്നു.ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ അക്ഷത് അവസ്തി, രോഹിത് എന്നിവര്‍ പുറത്തുനിന്നുമുള്ളവരുടേയും എബിവിപിക്കാരുടെയും സഹായത്തോടെ ആക്രമം നടത്തിയത് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു.

അക്രമത്തിന് പോലിസില്‍ നിന്ന് സഹായം ലഭിച്ചെന്നും ഇടതു പക്ഷക്കാരായ വിദ്യാര്‍ഥികളെ അടിച്ചൊതുക്കാന്‍ ക്യാമ്പസിലുണ്ടായിരുന്ന പോലിസ് ആവശ്യപ്പെട്ടെന്നും അക്രമ സമയത്ത് കാംപസിലെ തെരുവു വിളക്കുകളെല്ലാം അണച്ചത് പോലിസ് തന്നെയാണെന്നും അക്ഷത് വെളിപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it