Sub Lead

അഴിമതി, കോഴ, നിക്ഷേപ തട്ടിപ്പ്; മുസ് ലിംലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാവും

പാലാരിവട്ടം അഴിമതി കേസില്‍ കുടുങ്ങിയ ഇബ്രാംഹിംകുഞ്ഞ്, നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്ന എം സി കമറുദ്ദീന്‍, പ്ലസ് ടു കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ എം ഷാജി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയായിരിക്കുന്നത്.

അഴിമതി, കോഴ, നിക്ഷേപ തട്ടിപ്പ്; മുസ് ലിംലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാവും
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മുസ് ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള ചര്‍ച്ചയും സജീവമായി. അഴിമതി, കോഴ, നിക്ഷേപ തട്ടിപ്പ് കേസുകളില്‍ മുസ്‌ലിം ലീഗിന്റെ മുന്‍ ജനപ്രതിനിധികള്‍ കുടുങ്ങിയതോടെ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിയില്‍ കീറാമുട്ടിയാവും. പാലാരിവട്ടം അഴിമതി കേസില്‍ കുടുങ്ങിയ ഇബ്രാംഹിംകുഞ്ഞ്, നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്ന എം സി കമറുദ്ദീന്‍, പ്ലസ് ടു കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ എം ഷാജി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയായിരിക്കുന്നത്.

അഴിമതിക്കേസില്‍ കുടുങ്ങിയ ഇബ്രാഹിംകുഞ്ഞ് മത്സര രംഗത്തുണ്ടാകുന്നത് ദോഷം ചെയ്യുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇബ്രാഹിംകുഞ്ഞ് മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ പകരം മകനെ മത്സരിപ്പിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ഇബ്രാഹിംകുഞ്ഞിനെ സംരക്ഷിക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് നേതൃത്വം സ്വീകരിച്ചതെങ്കിലും മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.

എന്നാല്‍ ഇബ്രാഹിംകുഞ്ഞ് മത്സര രംഗത്തുണ്ടാകുമെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ നല്‍കുന്നത്. മാറിനില്‍ക്കണമെന്ന് സംസ്ഥാന നേതൃത്വം നിലപാട് എടുത്താല്‍ ലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു നീക്കം അനുവദിക്കില്ലെന്ന നിലപാടിലാണ് ലീഗ് ജില്ലാ, പ്രാദേശിക നേതൃത്വങ്ങള്‍.

എംഎല്‍എ പദവിയില്‍ 20 വര്‍ഷമായി തുടരുന്ന ഇബ്രാഹിംകുഞ്ഞിനെ മാറ്റി നിര്‍ത്തണമെന്ന പൊതുവികാരമാണ് പ്രാദേശിക തലത്തില്‍ ലീഗ് നേതൃത്വത്തിനുള്ളത്. എന്നാല്‍ ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിര്‍ത്തിയാല്‍ എല്‍ഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതിന് തുല്യമാണെന്ന വാദമാണ് ഇബ്രാഹിംകുഞ്ഞിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്.

നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംസി കമറുദ്ദീനെ മാറ്റിനിര്‍ത്തുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. കെഎന്‍എ ഖാദര്‍, സി മമ്മൂട്ടി, പി ഉബൈദുള്ള എന്നിവരും മത്സരിച്ചേക്കില്ലെന്നും സീറ്റില്ലാത്തവരില്‍ ടി എ അഹമ്മദ് കബീറും, എം ഉമ്മറും ഉള്‍പ്പെട്ടേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുന്‍മന്ത്രി പി കെ അബ്ദുറബ് പറഞ്ഞു. മത്സര രംഗത്തുനിന്ന് സ്വമേധയാ പിന്‍മാറേണ്ട ഒരാവശ്യവും ഇല്ല. മത്സര രംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യങ്ങള്‍ വളരെ നേരത്തെ സ്ഥാനാര്‍ഥികളുമായി ചര്‍ച്ച ചെയ്യുന്ന പതിവ് മുസ്‌ലിം ലീഗില്‍ ഇല്ല. പാര്‍ട്ടിയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അതനുസരിച്ചാകും തുടര്‍ നടപടിയെന്നും പി കെ അബ്ദുറബ്ബ് ഒരു ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. അബ്ദുറബ്ബ് അടക്കമുള്ളവരെ ലീഗ് മത്സര രംഗത്തുനിന്ന് മാറ്റി നിര്‍ത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it