Sub Lead

മങ്കിപോക്‌സ്: വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം; രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെയും കണ്ടെത്തി

മങ്കിപോക്‌സ്: വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം; രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെയും കണ്ടെത്തി
X

തിരുവനന്തപുരം: മങ്കിപോക്‌സ് ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം. രോഗലക്ഷണങ്ങളുള്ള രാജ്യാന്തരയാത്രക്കാര്‍ ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടണമെന്നാണ് നിര്‍ദേശം. കൂടാതെ 21 ദിവസം വരെ സ്വയം നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജീകരിക്കും. അതേസമയം, മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച ടാക്‌സി കാറിന്റെ ഡ്രൈവറെയും കണ്ടെത്തി. രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവറെയാണ് സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

രോഗി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവര്‍മാരെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. മങ്കി പോക്‌സ് സ്ഥിരീകരിച്ച രോഗി ചികില്‍സയില്‍ കഴിഞ്ഞ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് കേന്ദ്രസംഘം സന്ദര്‍ശനം നടത്തും. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ നിന്നുള്ളവര്‍ രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചതിനാലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം. യുഎഇയില്‍ നിന്നെത്തിയ ആള്‍ക്ക് വ്യാഴാഴ്ചയാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

വിമാനത്തില്‍ രോഗിയുമായി സമ്പര്‍ക്കസാധ്യത സംശയിക്കുന്ന 11 പേര്‍ നിരീക്ഷണത്തിലാണ്. രോഗബാധിതനായ യുവാവ് കഴിഞ്ഞ 12ന് വന്ന ഷാര്‍ജ- തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ (6ഇ 1402) അടുത്ത സീറ്റുകളിലിരുന്ന 11 പേര്‍, യുവാവിന്റെ മാതാപിതാക്കള്‍, ഓട്ടോ ഡ്രൈവര്‍, ടാക്‌സി ഡ്രൈവര്‍, ആദ്യം ചികില്‍സ തേടിയ കൊല്ലത്തെ ആശുപത്രിയിലെ ഡെര്‍മന്റോളജിസ്റ്റ് എന്നിവരാണു പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കളും ഇവിടെ നിരീക്ഷണത്തിലുണ്ട്. ലക്ഷണങ്ങള്‍ കണ്ടാല്‍ മാത്രമേ ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയക്കൂ.

Next Story

RELATED STORIES

Share it