Sub Lead

മണിപ്പൂരില്‍ ബിജെപിയെ തറപറ്റിക്കാന്‍ സഖ്യകക്ഷിയും; പ്രചരണത്തിന് ചുക്കാന്‍പിടിച്ച് മേഘാലയ മുഖ്യമന്ത്രി

കഴിഞ്ഞ തവണ എന്‍പിപി എന്‍ഡിഎയുടെ ഭാഗമായിരുന്നു. ഇക്കുറി തനിച്ചാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.2017ല്‍ എന്‍പിപി ഒമ്പത് സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്.

മണിപ്പൂരില്‍ ബിജെപിയെ തറപറ്റിക്കാന്‍ സഖ്യകക്ഷിയും; പ്രചരണത്തിന് ചുക്കാന്‍പിടിച്ച് മേഘാലയ മുഖ്യമന്ത്രി
X

ഇംഫാല്‍: മണിപ്പൂരില്‍ തറപറ്റിക്കാന്‍ സഖ്യകക്ഷിയായ എന്‍പിപിയും. ബിജെപിക്കെതിരായ പ്രചാരണങ്ങള്‍ക്ക് എന്‍പിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോങ്‌റാഡ് സാംഗ്മയും രംഗത്തിറങ്ങിയിട്ടുണ്ട്.

നാല് ദിവസത്തെ പ്രചരണമായിരിക്കും സാങ്മ നടത്തുക. കഴിഞ്ഞ തവണ എന്‍പിപി എന്‍ഡിഎയുടെ ഭാഗമായിരുന്നു. ഇക്കുറി തനിച്ചാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.2017ല്‍ എന്‍പിപി ഒമ്പത് സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. അതില്‍ നാല് സീറ്റുകള്‍ നേടി എല്ലാ പാര്‍ട്ടികളിലും ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് നേടി കിംഗ് മേക്കറായി ഉയര്‍ന്നു

ബിജെപി നേടിയത് 21 സീറ്റുകള്‍ ആയിരുന്നു. എന്‍പിപിയുടെ പിന്തുണയില്ലാതെ ബിജെപിക്ക് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമായിരുന്നില്ല.ഇതോടെയായിരുന്നു എന്‍പിപിയുമായി ബിജെപി കൈകോര്‍ക്കുന്നത്. നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്), ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) എന്നിവരും ബിജെപിയെ പിന്തുണച്ചു.

60 സീറ്റുകളുള്ള നിയമസഭയിലേക്ക് ഇത്തവണ എന്‍പിപി 42 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇവരില്‍ 19 പേരാകട്ടെ ബിജെപിയില്‍ നിന്നും ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ എന്‍പിപിയില്‍ എത്തിയ പ്രമുഖരാണ്. കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എന്‍പിപിയും കോങ്‌റാഡ് സാങ്മയും ലക്ഷ്യമിടുന്നത്. കൂടുതല്‍ സീറ്റ് നേടി പാര്‍ട്ടിക്ക് ദേശീയ പദവി നേടിയെടുക്കുകയെന്നതാണ് ലക്ഷ്യം. ഇപ്പോള്‍ മേഘാലയയില്‍ ഭീഷണിയായിരിക്കുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനേയും അതിലൂടെ ഒതുക്കാന്‍ സാധിക്കുമെന്ന് സാങ്മ കരുതുന്നുണ്ട്.

കൂടുതല്‍ സീറ്റുകള്‍ നേടിയെടുത്ത് സാഹചര്യത്തിന് അനുസരിച്ച് കോണ്‍ഗ്രസിനേയോ ബിജെപിയേയോ പിന്തുണച്ചേക്കുമെന്നാണ് നേരത്തേ എന്‍പിപി നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ എന്‍പിപിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭ തിരഞ്ഞെടുപ്പിലുള്‍പ്പെടെ തങ്ങള്‍ ഒറ്റക്കെട്ടായാണ് പോരാടിയതെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹെമോചന്ദ്ര വ്യക്തമാക്കിയിരുന്നു.

അതേസമയം എന്‍പിപിയുടെ നീക്കങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തിയിരിക്കുന്നത്. മണിപ്പൂരില്‍ ബിജെപിക്ക് ബദലായി ഉയര്‍ന്നുവരുമെന്ന് എന്‍പിപി ദിവാസ്വപ്‌നം കാണുകയാണെന്നാണ് ബിജെപിയുടെ ആക്ഷേപം.ഈ തിരഞ്ഞെടുപ്പിന് ശേഷം മണിപ്പൂരില്‍ നിന്നും അപ്രത്യക്ഷമാകും. മണിപ്പൂരില്‍ അവര്‍ക്ക് സംഘടനാ അടിത്തറയില്ല, അവര്‍ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് സജീവമാകുന്നതെന്ന് മണിപ്പൂര്‍ ബിജെപി വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ 16 എംഎല്‍എമാരില്‍ 10 പേര്‍ക്കെങ്കിലും ബിജെപി ഇക്കുറി സീറ്റ് അനുവദിച്ചിട്ടുണ്ട്.

അതേസമയം, കോണ്‍ഗ്രസ് ആവട്ടെ ആറ് ബിജെപി ഇതര പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഐ, സിപിഎം, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, ജെഡി (എസ്) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് മണിപ്പൂര്‍ പ്രോഗ്രസീവ് സെക്കുലര്‍ അലയന്‍സ് എന്ന പേരിലാണ് സഖ്യം രൂപീകരിച്ചത്.

60 അംഗ മണിപ്പൂര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് 3 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടുകള്‍ മാര്‍ച്ച് 10 ന് എണ്ണും.

Next Story

RELATED STORIES

Share it