Sub Lead

മീഡിയ വണ്‍ ചാനലിന്റെ വിലക്ക്: കേന്ദ്രസര്‍ക്കാര്‍ നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി

ചാനലിന്റെ സംപ്രേഷണ തടഞ്ഞതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തിങ്കളാഴ്ച ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മീഡിയ വണ്‍ ചാനലിന്റെ വിലക്ക്: കേന്ദ്രസര്‍ക്കാര്‍ നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി
X

കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് തിങ്കാഴ്ച വരെ നീട്ടി. ചാനലിന്റെ സംപ്രേഷണ തടഞ്ഞതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തിങ്കളാഴ്ച ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞതിങ്കാളാഴ്ചയാണ് മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയുണ്ടായത്.തുടര്‍ന്ന് ഇതിനെതിരെ ചാനല്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഇന്നുവരെ കേന്ദ്രസര്‍ക്കാരിന്റെ നടപടി നടപ്പിലാക്കുന്നത് തടയുകയുമായിരുന്നു.ഇന്ന് കേസ് വീണ്ടും പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട് പ്രകാരമാണ് ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞത് എന്നായിരുന്നു.സുരക്ഷാ കാരണത്താല്‍ അനുമതി നിഷേധിച്ചാല്‍ ഇതിന്റെ കാരണം പരസ്യപ്പെടുത്തേണ്ടതില്ലെന്നും സംപ്രേഷണം തുടരാന്‍ നല്‍കിയ ഇടക്കാല ഉത്തരവ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കെതിരാണെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മീഡിയ വണ്‍ ചാനല്‍ മാനേജ്‌മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.സ്വാഭാവിക നീതിയുടെ ലംഘനമാണുണ്ടായതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.തുടര്‍ന്ന് തിങ്കാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്നു പറഞ്ഞ കോടതി ചാനലിന്റെ സംപ്രേഷണ തടഞ്ഞതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തിങ്കളാഴ്ച ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചു.സംപ്രേഷണം തടഞ്ഞ ഇടക്കാല ഉത്തരവ് നീട്ടരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല.

Next Story

RELATED STORIES

Share it