Kerala

അഖിലേന്ത്യാ പണിമുടക്കില്‍ പലയിടത്തും സംഘര്‍ഷം

അഖിലേന്ത്യാ പണിമുടക്കില്‍ പലയിടത്തും സംഘര്‍ഷം
X

കോഴിക്കോട്: വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്കില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. തുറന്നുപ്രവര്‍ത്തിച്ച സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും കടകളും സമരക്കാര്‍ അടപ്പിച്ചു. കോഴിക്കോട് സ്‌കൂള്‍ അടപ്പിച്ച് ഗേറ്റില്‍ കൊടികുത്തി. വാഹനങ്ങള്‍ പരക്കെ തടഞ്ഞു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗതം നിലച്ചതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. ട്രെയിന്‍, കൊച്ചി മെട്രോ ഗതാഗതത്തെ പണിമുടക്ക് ബാധിച്ചില്ല.

കോഴിക്കോട് കോയറോഡിലെ ജിഎംയുപി സ്‌കൂളില്‍ എത്തിയ അധ്യാപകരെ തടഞ്ഞത് പിടിഎ ഭാരവാഹികള്‍ ചോദ്യംചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. അധ്യാപകര്‍ക്ക് പിന്തുണയുമായി പിടിഎ ഭാരവാഹികളും നാട്ടുകാരും എത്തിയതോടെ കയ്യാങ്കളിയായി. സംഘര്‍ഷത്തില്‍ മര്‍ദനമേറ്റെന്ന പരാതിയുമായി വിദ്യാര്‍ഥിയും രംഗത്തെത്തി. കുട്ടനാട് മാങ്കൊമ്പ് സര്‍ക്കാര്‍ എല്‍പിഎസിലും സമരക്കാര്‍ ഗേറ്റ് പൂട്ടിയതിനാല്‍ അധ്യാപകര്‍ക്ക് കടക്കാനായില്ല. പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിലും ജോലിക്കെത്തിയവരെ തടഞ്ഞു. കട്ടാക്കടയിലും പോത്തന്‍കോടും പോസ്റ്റ് ഓഫിസ് അടപ്പിച്ചു. കല്‍പറ്റയില്‍ സ്വകാര്യ ബങ്ക് അടപ്പിച്ചു.

കല്‍പ്പറ്റ ചുങ്കത്ത് ലോറി തടഞ്ഞതിനെ തുടര്‍ന്ന് ലോറി ഡ്രൈവറും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. നെയ്യാറ്റിന്‍കര KSRTC സ്റ്റാന്‍ഡില്‍ ബസ് എടുക്കാനെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. അങ്കമാലിയില്‍ സര്‍വ്വീസ് നടത്താന റോഡിലേക്ക് ഇറക്കിയ ബസ് സമരക്കാര്‍ തിരിച്ച് സ്റ്റാന്‍ഡിലേക്ക് എടുപ്പിച്ചു. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. ലോക്ഭവനിലേക്ക് ഉള്‍പ്പെടെ പണിമുടക്ക് അനുകൂലികള്‍ പ്രകടനം നടത്തി.



Next Story

RELATED STORIES

Share it