Sub Lead

മംഗളൂരു കസ്റ്റഡി: മലയാളി മാധ്യമ സംഘം സൗത്ത് പോലിസ് സ്‌റ്റേഷനില്‍, മുഖ്യമന്ത്രി ഇടപെട്ടിട്ടും വിട്ടയിച്ചില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് കര്‍ണാടക പൊലീസുമായി ബന്ധപ്പെട്ടിരുന്നു. എന്നിട്ടും മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുന്നതിനുള്ള നടപടികള്‍ പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മംഗളൂരു കസ്റ്റഡി: മലയാളി മാധ്യമ സംഘം സൗത്ത് പോലിസ് സ്‌റ്റേഷനില്‍, മുഖ്യമന്ത്രി ഇടപെട്ടിട്ടും വിട്ടയിച്ചില്ല
X

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേരെ നടന്ന അതിക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം പോലിസ് വാനില്‍ തടഞ്ഞുവെച്ച പോലിസ് സൗത്ത് പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചു. വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷവും മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. ആഹാരമൊ വെള്ളമോ നല്‍കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ല. ഐഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ പോലിസ് പിടികൂടി കസ്റ്റഡിയിലെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് ചെറിയാംപുരം, കാമറമാന്‍ പ്രതീഷ് കപ്പോത്ത്, മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, കാമറമാന്‍ അനീഷ്, ന്യൂസ് 24 റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില കാമറമാന്‍ രഞ്ജിത്ത്, ന്യൂസ് 18 കാമറാമാന്‍സുമേഷ് മൊറാഴ തുടങ്ങിയവരെല്ലാം പോലിസ് കസ്റ്റഡിയിലാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവിലെത്തിയത്. മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രിക്ക് സമീപത്ത് നിന്ന് രാവിലെ എട്ടരയോടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണും ക്യാമറയും അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പരസ്പരം കാണാനോ സംസാരിക്കാനോ കസ്റ്റഡിയിലായവരെ പോലും അനുവദിക്കുകയും ചെയ്തില്ല.

രേഖകള്‍ പരിശോധിക്കാനെന്ന വിശദീകരണത്തോടെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. വന്നവര്‍ വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്ന പ്രചാരണം അഴിച്ച് വിടാനും കര്‍ണാടക പോലിസില്‍ നിന്ന് ബോധപൂര്‍വ്വം ശ്രമമുണ്ടായി. ബിജെപി-ആര്‍എസ്എസ് കേന്ദ്രങ്ങളും വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്ന പ്രചാരണം ഏറ്റുപിടിച്ചു. കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കളും ജനം ടിവിയും വ്യാജ മാധ്യമ പ്രവര്‍ത്തകരേയാണ് കര്‍ണാടകയില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തതെന്ന് പ്രചരിപ്പിച്ചു. ഇതിനെതിരേ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് കര്‍ണാടക പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുന്നതിനുള്ള നടപടികള്‍ പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it