Sub Lead

നാസിക്കില്‍ മലയാളി വെടിയേറ്റു മരിച്ച സംഭവം: മുഖ്യപ്രതി അറസ്റ്റില്‍

മുത്തൂറ്റ് ബാങ്കിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാവേലിക്കര സ്വദേശിയായ സാജു സാമുവലിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശി ജിതേന്ദ്ര പ്രതാപ് സിങിനെ സൂറത്തില്‍നിന്ന് പോലിസ് പിടികൂടിയത്

നാസിക്കില്‍ മലയാളി വെടിയേറ്റു മരിച്ച സംഭവം: മുഖ്യപ്രതി അറസ്റ്റില്‍
X

മുംബൈ: നാസിക്കില്‍ മോഷണശ്രമം തടഞ്ഞ മലയാളിയെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. മുത്തൂറ്റ് ബാങ്കിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാവേലിക്കര സ്വദേശിയായ സാജു സാമുവലിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശി ജിതേന്ദ്ര പ്രതാപ് സിങിനെ സൂറത്തില്‍നിന്ന് പോലിസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതികളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നാസിക്കിലെ മൂത്തൂറ്റ് ഫിനാന്‍സ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തെ എതിര്‍ത്തതോടെയാണ് സാജു സാമുവലിനു നേരെ വെടിയുതിര്‍ത്തത്. സാജു സാമുവല്‍ കൊല്ലപ്പെടുകയും പുനലൂര്‍ സ്വദേശി കൈലാഷ് ജയന്‍, ബ്രാഞ്ച് മാനേജര്‍ ദേശ്പാണ്ഡെ എന്നിവര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദക്ഷിണ മുംബൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ നാസിക് ഉണ്ട്‌വാഡി ശാഖയില്‍ ജൂണ്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം. സാജു മുംബൈയില്‍ നിന്നാണ് നാസിക്കിലെ ശാഖയില്‍ കംപ്യൂട്ടര്‍ തകരാര്‍ പരിഹരിക്കാനെത്തിയതായിരുന്നു. മോഷണസംഘം എത്തിയപ്പോള്‍ അപായസൈറണ്‍ മുഴക്കിയ സാജുവിനെ വെടിവച്ച് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന സാജു ഒരു വര്‍ഷം മുമ്പാണ് മുംബൈയിലെത്തിയത്. രണ്ടു വര്‍ഷം മുമ്പാണ് വിവാഹിതനായത്. മാവേലിക്കര വെട്ടിയാര്‍ സൗത്ത് വലിയപറമ്പില്‍ ജെയ്‌സിയാണ് ഭാര്യ. 9 മാസം പ്രായമുള്ള ജെര്‍മിയാണ് മകന്‍.



Next Story

RELATED STORIES

Share it