Sub Lead

മലയാളം ന്യൂസ് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുഖ്മാന്‍ അന്തരിച്ചു

പാരമ്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തില്‍നിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവര്‍ത്തകനായത്. മലയാളികളോട് എന്നും അടുപ്പം കാണിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

മലയാളം ന്യൂസ് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുഖ്മാന്‍ അന്തരിച്ചു
X

ജിദ്ദ:മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും പ്രമുഖ അറബി മാധ്യമപ്രവര്‍ത്തകനുമായ ഫാറൂക്ക് ലുഖ്മാന്‍(80) അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. പാരമ്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തില്‍നിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവര്‍ത്തകനായത്. മലയാളികളോട് എന്നും അടുപ്പം കാണിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

ഏദനിലെ ബ്രിട്ടീഷ് ഗ്രാമര്‍ സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ബോംബെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ബിരുദവും അമേരിക്കയിലെ കൊളംബിയാ സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അറബി ദിനപത്രമായ ഫതഉല്‍ ജസീറയുടേയും ഇംഗ്ലീഷ് വാരികയായ ഏദന്‍ ക്രോണിക്കിളിന്റെയും എഡിറ്ററായിരുന്നു. ഇതിനിടെ ഡെയ്‌ലി മെയില്‍, ഫൈനാന്‍ഷ്വന്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകനായും പ്രവര്‍ത്തിച്ചു.നിരവധി പത്ര സ്ഥാപനങ്ങളില്‍ സേവനം അനുഷ്ടിച്ച അദ്ദേഹം 1975ല്‍ അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു.

അറബ് ന്യൂസിന്റെ മുഖ്യ പത്രാധിപ സ്ഥാനത്തേക്കു വരുന്നതിനു മുമ്പ് അറബ് ലോകത്തെ പ്രഥമ സാമ്പത്തിക കാര്യ ദിനപത്രമായ ഇഖ്തിസാദിയയുടെ മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചു. സൗദി റിസര്‍ച്ച് ആന്റ് പബ്ലിഷിങ് കമ്പനിയുടെ പത്രപ്രവര്‍ത്തന പരിശീലന കേന്ദ്രം ഡയറക്ടറായും പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം ന്യൂസിനു പുറമേ ഉര്‍ദു ന്യൂസ്, ഉര്‍ദു മാഗസിന്‍ എന്നിവയുടേയും മുഖ്യപത്രാധിപ സ്ഥാനം അലങ്കരിച്ചിരുന്നു.

അറബി ഭാഷയില്‍ മാത്രം 5000 പരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലുഖ്മാന്‍ പന്ത്രണ്ടു രാജ്യങ്ങളില്‍ നിന്നായി പ്രസിദ്ധീകരിക്കുന്ന ഷര്‍ഖുല്‍ ഔസത്തിന്റേയും ഇഖ്തിസാദിയ പത്രത്തിന്റേയും സ്ഥിരം കോളമിസ്റ്റായും സേവനം ചെയ്തു. അറബിയിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഇന്ത്യയെക്കുറിച്ചുമാത്രം നൂറില്‍പരം ലേഖനങ്ങളുണ്ട്. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാജീവ് ഗാന്ധിവരെ നെഹ്രു കുടുബത്തിലെ മൂന്ന് തലമുറ നേതാക്കളേയും ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it