Sub Lead

സവര്‍ക്കര്‍ക്കെതിരേ സംസാരിച്ചെന്ന്; മഗ്‌സാസെ അവാര്‍ഡ് ജേതാവിനെതിരേ കേസെടുത്തു

നേരത്തേ കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കിയപ്പോള്‍ സന്ദീപ് പാണ്ഡേ രംഗത്തെത്തിയിരുന്നു. സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങളിലും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു.

സവര്‍ക്കര്‍ക്കെതിരേ സംസാരിച്ചെന്ന്; മഗ്‌സാസെ അവാര്‍ഡ് ജേതാവിനെതിരേ കേസെടുത്തു
X

അലിഗഢ്: ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ക്കെതിരേ സംസാരിച്ചെന്ന് ആരോപിച്ച് മഗ്‌സാസെ അവാര്‍ഡ് ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സന്ദീപ് പാണ്ഡെയ്‌ക്കെതിരേ കേസെടുത്തു. ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് രാജീവ് കുമാറിന്റെ പരാതിയിലാണ് അലിഗഢ് സിവില്‍ ലൈന്‍സ് പോലിസ് കേസെടുത്തത്. ഇദ്ദേഹത്തിനെതിരേ ഐപിസി 153 എ കലാപമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു, 501(1) ബി കുറ്റകൃതം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ അലിഗഢ് മുസ് ലിം സര്‍വകലാശാലയില്‍ ഞായറാഴ്ച നടന്ന പ്രതിഷേധ പരിപാടി സന്ദീപ് പാണ്ഡെ സംസാരിച്ചിരുന്നു. ഇതിനിടെ, ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കളെയും മുസ് ലിംകളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജെഎന്‍യുവിലെ സമാധാനപരമായ സമരത്തിനുനേരെ മുഖംമൂടി ധരിച്ച ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും സന്ദീപ് പാണ്ഡെ പ്രസംഗിച്ചിരുന്നു. ജാമിഅയിലെയും അലിഗഢിലെയും ജെഎന്‍യുവിലെയും വിദ്യാര്‍ഥികള്‍ സമാധാനപരമായാണ് സിഎഎയ്‌ക്കെതിരേ പ്രതിഷേധിക്കുന്നത്. അവിടുത്തെ പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തേ കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കിയപ്പോള്‍ സന്ദീപ് പാണ്ഡേ രംഗത്തെത്തിയിരുന്നു. സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങളിലും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. ആഷ ഫോര്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സഹസ്ഥാപകനായ സന്ദീപ് പാണ്ഡേയ്ക്ക് 2005ലാണ് രമണ്‍ മഗ്‌സാസെ അവാര്‍ഡ് ലഭിച്ചത്. അതേസമയം, കേസെടുത്ത ഉത്തര്‍പ്രദേശ് പോലിസ് നടപടിക്കെതിരേ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് രംഗത്തെത്തി. ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിച്ച് സമാധാനപരമായി സമരം നടത്തുന്നവരെ യുപി പോലിസ് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ ഉപദ്രവിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സന്ദീപ് പാണ്ഡെക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും എന്നാല്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it