Sub Lead

സ്ഥലംമാറ്റത്തില്‍ പ്രതിഷേധം; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു

മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയ തീരുമാനം പുനപ്പരിശോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി കൊളീജിയം നിരസിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് രാജിവയ്ക്കാനുള്ള തീരുമാനം. മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുടെ അത്താഴ വിരുന്നിലാണ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി തന്റെ രാജി പ്രഖ്യാപിച്ചത്.

സ്ഥലംമാറ്റത്തില്‍ പ്രതിഷേധം; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു
X

ചെന്നൈ: മേഘാലയ ഹൈക്കോടതിയിലേക്ക് തന്നെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി കെ വിജയ കമലേഷ് താഹില്‍രമണി രാജിവച്ചു. മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയ തീരുമാനം പുനപ്പരിശോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി കൊളീജിയം നിരസിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് രാജിവയ്ക്കാനുള്ള തീരുമാനം. മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുടെ അത്താഴ വിരുന്നിലാണ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി തന്റെ രാജി പ്രഖ്യാപിച്ചത്.

രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നാണ് മേഘാലയ ഹൈക്കോടതി. ഇവിടേക്കാണ് താഹില്‍രമണിയെ സുപ്രിംകോടതി കൊളീജിയം സ്ഥലംമാറ്റിയത്. മേഘാലയ ചീഫ് ജസ്റ്റിസ് എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമിക്കുകയും ചെയ്തിരുന്നു. ഇതില്‍ താഹില്‍രമണിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ആഗസ്ത് 28നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയം താഹില്‍രമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തത്. മദ്രാസ് ഹൈക്കോടതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊളീജിയം താഹില്‍രമണിയെ മാറ്റാനുള്ള തീരുമാനമെടുത്തതെന്ന് ജുഡീഷ്യറി വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

വിവിധ വശങ്ങള്‍ പരിശോധിച്ചപ്പോള്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന താഹില്‍രമണിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിഗമനത്തില്‍ കൊളീജിയം എത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ആഗസ്ത് എട്ടിനാണ് താഹില്‍രമണിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ മാത്രമാണു മേഘാലയ ഹൈക്കോടതിയിലുള്ളത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയിലാവട്ടെ 75 ജഡ്ജിമാരുണ്ട്. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ബില്‍ക്കീസ് ബാനു ബലാല്‍സംഗക്കേസില്‍ വിധി പറഞ്ഞത് താഹില്‍രമണിയായിരുന്നു. ഗുജറാത്ത് കലാപകാലത്തെ കേസില്‍ ഏഴ് പ്രതികളെ വിട്ടയയ്ക്കാനുള്ള കീഴ്‌ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി.

Next Story

RELATED STORIES

Share it