Big stories

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ വിധി ഫുള്‍ ബെഞ്ചിന് വിട്ടു

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരേ കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍ എസ് ശശികുമാര്‍ നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും താല്‍ക്കാലിക ആശ്വാസം നല്‍കുന്ന ഉത്തരവുണ്ടായത്.

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ വിധി ഫുള്‍ ബെഞ്ചിന് വിട്ടു
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ചുള്ള പരാതിയില്‍ ലോകായുക്തയില്‍ ഭിന്നവിധി. ഇതോടെ പരാതിയിന്‍മേല്‍ അന്തിമ വിധിക്കായി ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരേ കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍ എസ് ശശികുമാര്‍ നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും താല്‍ക്കാലിക ആശ്വാസം നല്‍കുന്ന ഉത്തരവുണ്ടായത്. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ച് ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഭിന്നവിധിയുണ്ടായതോടെയാണ് ഫുള്‍ ബെഞ്ചിന് വിട്ടത്. ലോകായുക്തയിലെ ഒരംഗം പരാതിയെ അനുകൂലിച്ചപ്പോള്‍ രണ്ടാമന്‍ എതിര്‍ത്തു. ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉള്‍പ്പെട്ട ഫുള്‍ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. പുതിയ ബെഞ്ചിനു മുന്നില്‍ വീണ്ടും വിശദമായ വാദം നടക്കുമെന്നതിനാല്‍ അന്തിമവിധി നീളാനാണു സാധ്യത. അതേസമയം, വിധിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നീതിക്കായി സുപ്രീംകോടതിവരെ പോവുമെന്നും പരാതിക്കാരന്‍ അറിയിച്ചു.

പരേതനായ എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന് അസി. എന്‍ജിനീയര്‍ ജോലിക്കുപുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിനെതിരേയാണ് ഹരജി. കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച സിവില്‍ പോലിസ് ഓഫിസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ അനുവദിച്ചതിനെതിരേയും പരാതി നല്‍കിയിരുന്നു. 2022 ഫെബ്രുവരി 5ന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രിം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെസമീപിച്ചത്.

Next Story

RELATED STORIES

Share it