Sub Lead

പതുങ്ങാനും കുതിക്കാനും ആവതില്ലാതെ പൂഞ്ഞാറ്റിലെ 'പുലി'..!

ബിജെപിയുമായി സഖ്യമുണ്ടാക്കിയ അരുവിത്തുറ പ്ലാത്തോട്ടത്തില്‍ ചാക്കോച്ചന്റെ മകന്‍ ജോര്‍ജിന്റെ അഭിലാഷങ്ങള്‍ രാഷ്ട്രീയത്തില്‍ ടിയാന്റെ അന്ത്യാഭിലാഷമാവുമെന്ന സൂചനകളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പുഫലത്തിലൂടെ മറനീങ്ങിയത്.

പതുങ്ങാനും കുതിക്കാനും ആവതില്ലാതെ പൂഞ്ഞാറ്റിലെ പുലി..!
X

പി സി അബ്ദുല്ല

കോഴിക്കോട്: പുലി പതുങ്ങുന്നത് കൂടുതല്‍ കരുത്തോടെ കുതിച്ചുചാടാനാണെന്നാണു വയ്പ്. വീണതു വിദ്യയാക്കുകയും പതനങ്ങളോരോന്നും പുതിയ പിടിവള്ളികളാക്കുകയും ചെയ്ത പൂഞ്ഞാറ്റിലെ 'പുലി' പി സി ജോര്‍ജിനു പക്ഷേ, പണ്ടേ പോലെയല്ല കാര്യങ്ങള്‍. പതുങ്ങാനും പിന്നെ കുതിക്കാനും ആവതില്ലാത്തവിധം പൊങ്ങുതടിയായി ജോര്‍ജ് ഗതികിട്ടാ കയത്തിലേക്കൊഴുകുന്നതാണു കാഴ്ച. ബിജെപിയുമായി സഖ്യമുണ്ടാക്കിയ അരുവിത്തുറ പ്ലാത്തോട്ടത്തില്‍ ചാക്കോച്ചന്റെ മകന്‍ ജോര്‍ജിന്റെ അഭിലാഷങ്ങള്‍ രാഷ്ട്രീയത്തില്‍ ടിയാന്റെ അന്ത്യാഭിലാഷമാവുമെന്ന സൂചനകളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പുഫലത്തിലൂടെ മറനീങ്ങിയത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഇരുമുന്നണികളെയും തകര്‍ത്ത് 2016ല്‍ വിജയിച്ചുവന്ന പി സി ജോര്‍ജ് ആര്‍ക്കും പിടിച്ചുകെട്ടാനാവാത്ത യാഗാശ്വമാണ് താനെന്നാണ് അവകാശപ്പെട്ടിരുന്നത്. എസ്ഡിപിഐ പിന്തുണയൊന്നുകൊണ്ടുമാത്രമാണ് 2016ല്‍ എംഎല്‍എ കുപ്പായം ലഭിച്ചതെന്ന് ആദ്യമൊക്കെ ജോര്‍ജ് സ്വയം സമ്മതിച്ചിരുന്നു.

എന്നാല്‍, മോദിയുടെയും അമിത് ഷായുടെയും വെളിപാട് പുസ്തകത്തില്‍ ആകൃഷ്ടനായതോടെ ഒരു സുപ്രഭാതത്തില്‍ പൂഞ്ഞാറ്റില്‍ പിന്തുണച്ച സംഘടനയും സമുദായവും ജോര്‍ജിന് അനഭിമതമായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയിലുമില്ലാതെ ലഭിച്ച 27,821 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അച്ചായന്റെ തുറുപ്പുചീട്ട്. ആ വോട്ടുകളില്‍ അഭിരമിച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങളുമായി ജോര്‍ജ് എന്‍ഡിഎയില്‍ ബര്‍ത്ത് ഒപ്പിച്ചത്. ജോര്‍ജിന്റെ മേനിപറച്ചിലില്‍ ആവേശഭരിതനായ കെ സുരേന്ദ്രന്‍ ചാനലുകാരെ ഒപ്പംകൂട്ടി ജോര്‍ജിന്റെ അനുഗ്രഹം വാങ്ങുകയും പത്തനംതിട്ടയിലെ തന്റെ വിജയം സംശയലേശമന്യേ പ്രഖ്യാപിക്കുകയും ചെയ്തു. എംഎല്‍എ ഹോസ്റ്റലിലെ അരിവയ്പുകാരനെയും ടോള്‍ ബൂത്തിലെ നിത്യകൂലിക്കാരനെയും വിരട്ടുന്ന ലാഘവത്തില്‍ പൂഞ്ഞാര്‍ അടങ്ങുന്ന പത്തനംതിട്ടയിലെ പൊതുജനത്തെ വിരട്ടി സുരേന്ദ്രന് വോട്ടുചെയ്യിപ്പിക്കാമെന്നായിരുന്നു വ്യാമോഹം. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോര്‍ജിനും പുതിയ കൂട്ടുകാര്‍ക്കും പൂഞ്ഞാര്‍ മണ്ഡലത്തിലുണ്ടായത് വമ്പന്‍ തിരിച്ചടി.

2016ലെ കണക്കനുസരിച്ച് ജോര്‍ജിനും ബിജെപിക്കും ചേര്‍ന്ന്, പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ 83,587 വോട്ടാണ് ലഭിക്കേണ്ടിയിരുന്നത്. പക്ഷേ, ജോര്‍ജ് പിന്തുണച്ച ബിജെപിക്ക് ലഭിച്ചത് വെറും 30,990 വോട്ടുമാത്രം. 2016 നെ അപേക്ഷിച്ച് 52,617 വോട്ടിന്റെ കുറവ്. മറുഭാഗത്ത് കോണ്‍ഗ്രസിന് ലഭിച്ച വോട്ടില്‍ 2016 നെ അപേക്ഷിച്ച് കാല്‍ലക്ഷം വോട്ടിന്റെ വര്‍ധനയുണ്ടായി. യുഡിഎഫിന്റെ വോട്ട് 35,800 ല്‍നിന്ന് 61,530 ആയി ഉയര്‍ന്നു. എല്‍ഡിഎഫിന്റെ വോട്ടിലും 21,331 ന്റെ വര്‍ധനയുണ്ടായി. 2016ല്‍ ജോര്‍ജിന് ലഭിച്ചത് 43.6 ശതമാനം വോട്ടായിരുന്നു. ബിജെപിക്ക് 13.7 ശതമാനം വോട്ടും. ഈ കണക്കനുസരിച്ച് 2019ല്‍ ജോര്‍ജ് പിന്തുണച്ച ബിജെപിക്ക് 57.3 ശതമാനം വോട്ട് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, ലഭിച്ചത് വെറും 22.4 ശതമാനം വോട്ടുമാത്രം. 24.9 ശതമാനത്തിന്റെ കുറവ്! കാലങ്ങളായി ജോര്‍ജിന് പിന്നിലുണ്ടായിരുന്ന ന്യൂനപക്ഷ വോട്ടര്‍മാര്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ജോര്‍ജിന്റെ നിലപാടിനെ പൂര്‍ണമായി തള്ളിക്കളഞ്ഞു. ഇതാണ് സാഹചര്യമെങ്കില്‍, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പി സി ജോര്‍ജിന്റെ രാഷ്ട്രീയജീവിതത്തിലെ വാട്ടര്‍ ലൂ ആവാനാണ് സാധ്യത. അതോടൊപ്പം ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പാലാ, പൂഞ്ഞാര്‍ മോഹങ്ങള്‍ക്ക് കൂടിയാണ് കരിനിഴല്‍ വീണിരിക്കുന്നത്.

Next Story

RELATED STORIES

Share it