Sub Lead

ചൊവ്വാഴ്ച്ച തുറന്നാല്‍ കടക്ക് തീ വയ്ക്കും; മുസ് ലിം വയോധികന്റെ ഇറച്ചിക്കട അടപ്പിച്ച് ഹിന്ദുത്വന്‍ (വീഡിയോ)

ചൊവ്വാഴ്ച്ച തുറന്നാല്‍ കടക്ക് തീ വയ്ക്കും;  മുസ് ലിം വയോധികന്റെ ഇറച്ചിക്കട അടപ്പിച്ച് ഹിന്ദുത്വന്‍ (വീഡിയോ)
X

ഗാസിയാബാദ്: മുസ് ലിം വയോധികന്റെ ഇറച്ചിക്കട അടക്കണമെന്ന് ഹിന്ദുത്വന്റെ ഭീഷണി. ചൊവ്വാഴ്ച കട തുറന്നാല്‍ കടയ്ക്ക് തീ വെക്കും എന്നായിരുന്നു ഭീഷണി. കോട്ട്വാലി പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ഹിന്ദു വീര്‍ സേനയുടെ നേതാവായ സത്യാം പണ്ഡിറ്റ് ആണ് കട അടപ്പിച്ചത്. ക്ഷേത്രം സമീപമുള്ളതിനാല്‍ ചൊവ്വാഴ്ച ഇറച്ചി വില്‍പ്പന അനുവദിക്കില്ലെന്ന് ഇയാള്‍ പറഞ്ഞു.

ഫെബ്രുവരി 24-ന് നടന്ന സംഭവത്തിന്റെ വീഡിയോ സത്യാം പണ്ഡിറ്റ് ഫെബ്രുവരി 25-ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചു. 'ഗാസിയാബാദില്‍ ചൊവ്വാഴ്ച മുസ്‌ലിംകള്‍ക്ക് ഇറച്ചി വില്‍ക്കാന്‍ അനുവദിക്കില്ല. ഇന്ന് കൈല ഭട്ടയില്‍ പോയി എല്ലാ ഇറച്ചിക്കടകളും അടപ്പിച്ചു' എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.



വീഡിയോയില്‍ ഇയാള്‍ കടയിലേക്കെത്തി 'ചൊവ്വാഴ്ച ഇറച്ചി വില്‍ക്കാന്‍ അനുമതി ഉണ്ടോ?' എന്ന് ചോദിക്കുന്നതും കട ഉടമയോട് കട അടയ്ക്കാന്‍ ഭീഷണിപ്പെടുത്തുന്നതും കാണാം. 'ഇപ്പോള്‍ തന്നെ അടക്കൂ. മുന്നില്‍ ക്ഷേത്രം കാണുന്നില്ലേ? ചൊവ്വാഴ്ച കട തുറക്കാന്‍ പാടില്ല. തുറന്നാല്‍ അടപ്പിക്കും,'' എന്നാണ് ഇയാള്‍ പറയുന്നത്.

കടയുടമയും തൊഴിലാളികളും ഭീഷണിക്ക് വഴങ്ങി കട അടച്ചതായി ദൃശ്യങ്ങളില്‍ കാണാം. 'ചൊവ്വാഴ്ച കട തുറന്നതായി കണ്ടാല്‍ ഒരു മിനിറ്റിനുള്ളില്‍ തീ വെക്കും,' എന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് കോട്ട്വാലി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അറിയിച്ചു.

'സോഷ്യല്‍ മീഡിയ വഴിയാണ് വിവരം ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും,' എന്നായിരുന്നു എസ്എച്ച്ഒയുടെ പ്രതികരണം.

Next Story

RELATED STORIES

Share it