Sub Lead

ലോക്ക് ഡൗണിന്റെ മറവിലെ പോലിസ് തേര്‍വാഴ്ച അവസാനിപ്പിക്കുക: എസ് ഡിപിഐ

ലോക്ക് ഡൗണിന്റെ മറവിലെ പോലിസ് തേര്‍വാഴ്ച അവസാനിപ്പിക്കുക: എസ് ഡിപിഐ
X

ഈരാറ്റുപേട്ട: ലോക്ക് ഡൗണിന്റെ മറവില്‍ നിരപരാധികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന പോലിസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് എസ് ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ ഇ റഷീദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കുടവാമൂഴിയില്‍ പോലിസ് തല്ലിച്ചതച്ച ഫൈസല്‍ എന്ന യുവാവിന്റെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്ന അപരിഷ്‌കൃത രീതിയാണ് പോലിസ് ഇവിടെ അവലംബിച്ചത്. കുറ്റം ചെയ്തവരെ പിടിക്കുന്നതിനു പകരം നിരപരാധികളെ മര്‍ദ്ദിച്ച് സായൂജ്യമടയുന്ന പോലിസിന്റെ ഭീകരവാഴ്ചയ്ക്ക് പ്രാദേശിക ഭരണകൂടവും ചില രാഷ്ട്രീയ തല്‍പ്പര കക്ഷികളും ചൂട്ടുപിടിക്കുന്നു എന്നത് ലജ്ജാകരമാണ്. പച്ചയ്ക്ക് മനുഷ്യനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ ക്രമസമാധാന പാലനമല്ല മറിച്ച് വംശീയതയും ഭീകരതയുമാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണത്തിലൂടെ ജനങ്ങളെ തല്ലിക്കൊല്ലുന്ന വടക്കേ ഇന്ത്യന്‍ ഫാഷിസ്റ്റ് അക്രമകാരികളെ പോലും നാണിപ്പിക്കുന്ന കേരളാ പോലിസ് ഇത് കേരളമാണെന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.



പോലിസ് ഭീകരതയ്‌ക്കെതിരേ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവും. നിരപരാധിയായ യുവാവിനെ പാതിരാത്രി വീട്ടില്‍ കയറി ക്രൂരമായി തല്ലിച്ചതച്ച കാക്കിയണിഞ്ഞ നിയമലംഘകര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലിസ് മേധാവിയും തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും റഷീദ് വ്യക്തമാക്കി. സന്ദര്‍ശന സംഘത്തില്‍ സി എച്ച് ഹസിബ്, സബിര്‍ കുരുവനാല്‍, ഇസ്മായില്‍ കീഴേടം, കെ എസ് ആരിഫ്, കെ കെ പരിക്കൊച്ച് തുടങ്ങിയവരുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it