Sub Lead

വിവാദങ്ങൾക്ക് പിന്നാലെ അമേരിക്കൻ പൗര സ്റ്റാർട്ടപ്പ് മിഷനിൽ നിന്ന് രാജിവച്ചു

ശിവശങ്കർ പദവിയിലിരിക്കുന്ന കാലത്താണ് ലാബി ജോർജ്ജിനെ സ്റ്റാർട്ടപ്പ് മിഷനിലെ പ്രൊ‍ഡക്ട് മാർക്കറ്റിങ് സീനിയർ ഫെലോ ആയി നിയമിക്കുന്നത്.

വിവാദങ്ങൾക്ക് പിന്നാലെ അമേരിക്കൻ പൗര സ്റ്റാർട്ടപ്പ് മിഷനിൽ നിന്ന് രാജിവച്ചു
X

കോഴിക്കോട്: വിവാദങ്ങളും വിമർശനങ്ങളും ഉയർന്നതിന് പിന്നാലെ കേരള സ്റ്റാർട്ടപ്പ് മിഷനിലെ സീനിയർ ഫെലോ ആയ അമേരിക്കൻ വനിത രാജി വച്ചു. അമേരിക്കൻ പൗരത്വമുള്ള ലാബി ജോർജ്ജ് എന്ന വനിതയെ സ്റ്റാർട്ടപ്പ് മിഷനിൽ ഉയർന്ന തസ്തികയിൽ നിയമിച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതിന് പിന്നാലെയാണ് ഇവരുടെ രാജി.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കർ പദവിയിലിരിക്കുന്ന കാലത്താണ് ലാബി ജോർജ്ജിനെ സ്റ്റാർട്ടപ്പ് മിഷനിലെ പ്രൊ‍ഡക്ട് മാർക്കറ്റിങ് സീനിയർ ഫെലോ ആയി നിയമിക്കുന്നത്. ശിവശങ്കർ മുഖേന നടത്തിയ നിയമനങ്ങളെല്ലാം അന്വേഷിക്കുമെന്ന സർക്കാർ തീരുമാനത്തിന് പിന്നാലെയുള്ള ഇവരുടെ രാജി സംശയം ജനിപ്പിക്കുന്നതാണ്.


ഇവരുടേതടക്കമുള്ള നിയമനങ്ങളിലേക്ക് മാധ്യമശ്രദ്ധ എത്താതിരിക്കാൻ സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്റ്റാർട്ടപ്പ് മിഷനിലെ സീനിയർ ഫെലോ എന്ന നിലയിൽ ലാബി ജോർജ്ജ് സ്റ്റാർട്ടപ്പ് കമ്പനികളുടെ ഐപിഒ ( Initial Public Offering) നടത്തുന്നത് പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സുമായി (PWC) ചേർന്നാണെന്ന് സ്റ്റാർട്ടപ്പ് മിഷൻ വെബ്സൈറ്റിൽ പറയുന്നു. എന്നാൽ വിവാദം ഉയർന്നതിന് പിന്നാലെ ഇത് നീക്കം ചെയ്തു.

സ്റ്റാർട്ടപ്പ് കമ്പനികളുടെ ഇവാല്വേഷൻ നടത്തി അവരുടെ ഓഹരികൾ വിൽക്കാൻ തുടങ്ങുന്ന പരിപാടിയാണ് ഐപിഒ. ഇതിൽ ഈ കമ്പനിയ്ക്കുള്ള പങ്കെന്താണെന്നും അതിനിടയിൽ ഈ വിദേശവനിത എത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്നുമുള്ള കാര്യം വ്യക്തമല്ല. ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കിയതിന് പിന്നാലെ ഇവരുടെ നിയമനത്തിന് പ്രൈസ് വാട്ടർഹൌസ് കൂപ്പേഴ്സുമായുള്ള ബന്ധത്തെ കുറിച്ച് ദ ന്യു ഇന്ത്യൻ എക്സ്പ്രസ്സും റിപോർട്ട് ചെയ്തിരുന്നു.


80000 രൂപ മാസശമ്പളത്തിൽ സ്റ്റാർട്ടപ്പ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിങ്ങ് വിഭാഗത്തിൽ സീനിയർ പ്രോജക്ട് ഫെലോ ആയിട്ടായിരുന്നു ഇവരെ നിയമിച്ചത്. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യാക്കാർക്ക് നൽകുന്ന ഒസിഐ (ഓവർസീസ് ഇന്ത്യൻ സിറ്റിസൺ) കാർഡ് ഇവർക്കുണ്ടെന്നായിരുന്നു സ്റ്റാർട്ടപ്പ് മിഷൻ പറഞ്ഞത്. കൊവിഡ് രോഗികളുടേതടക്കമുള്ള പ്രധാനപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ സംഘത്തിൽ ഇവർ ചുമതല വഹിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇത്തരം ചുമതലകളിൽ ഒസിഐ കാർഡുള്ള വിദേശ പൗരന്മാരെ നിയമിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.


ആമസോൺ , ഗൂഗിൾ മാജിക് ലീപ്പ് അടക്കമുള്ള വിവിധ കമ്പനികളിൽ 20 വർഷത്തിലധികം പ്രവർത്തനപരിചയമുണ്ടെന്നാണ് ഇവരുടെ സ്റ്റാർട്ടപ്പ് മിഷനിലെ പ്രൊഫൈലിൽ പറയുന്നത്. എന്നാൽ ഇവരുടെ ഈ അവകാശവാദങ്ങൾ പലതും വിശ്വാസയോഗ്യമല്ലെന്നാണ് മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. സമൂഹിക മാധ്യമങ്ങളിൽ ഇഞ്ചിപ്പെണ്ണ് എന്ന അനോണി പ്രൊഫൈൽ ഉപയോഗിക്കുന്ന ഈ വനിത കൊച്ചിയിൽ ബിനാമി പേരിൽ ഒരു മാധ്യമസ്ഥാപനം നടത്തുകയും ചെയ്തിരുന്നു.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വോക്ക് ജേണൽ എന്ന മാധ്യമ സ്ഥാപനത്തിലെ അനധികൃത പിരിച്ചുവിടലും മറ്റും വിവാദമായതോടെയാണ് ലാബി ജോർജ്ജ് വാർത്തകളിൽ നിറയുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികളെ പിരിച്ചുവിടരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം മറികടന്ന് വോക്ക് ജേര്‍ണല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. ഈ സ്ഥാപനം നടത്തിയിരുന്നത് ഇഞ്ചിപ്പെണ്ണ് എന്ന അപരനാമധേയത്തിലറിയപ്പെടുന്ന ലാബി ജോർജ്ജ് ആണെന്ന തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Next Story

RELATED STORIES

Share it