Big stories

കവളപ്പാറ ദുരന്തം: തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്; ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തും

കവളപ്പാറയില്‍ ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. ജിപിആര്‍ സംവിധാനമുപയോഗിച്ചായിരിക്കും ഇന്ന് തിരച്ചില്‍ നടത്തുന്നത്. ഇതിനായി ഹൈദരാബാദില്‍നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. വെള്ളിയാഴ്ച അഞ്ച് മൃതദേഹങ്ങളാണ് മണ്ണിനടിയില്‍നിന്ന് കണ്ടെടുത്തത്.

കവളപ്പാറ ദുരന്തം: തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്; ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തും
X

കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ ദുരന്തംവിതച്ച മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇന്നും തിരച്ചില്‍ നടക്കും. കവളപ്പാറയില്‍ ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. ജിപിആര്‍ സംവിധാനമുപയോഗിച്ചായിരിക്കും ഇന്ന് തിരച്ചില്‍ നടത്തുന്നത്. ഇതിനായി ഹൈദരാബാദില്‍നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. വെള്ളിയാഴ്ച അഞ്ച് മൃതദേഹങ്ങളാണ് മണ്ണിനടിയില്‍നിന്ന് കണ്ടെടുത്തത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 38 ആയി. കവളപ്പാറയിലെ തിരച്ചില്‍ ഒമ്പതാംദിവസത്തിലേക്ക് കടക്കുകയാണ്.

മുഴുവന്‍ പേരെയും കണ്ടെത്തുംവരെ തിരച്ചില്‍ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മാപ്പിങ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുന്നത്. 14 മണ്ണുമാന്തിയന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ജിപിആര്‍ സംവിധാനത്തിന്റെ സഹായംകൂടി ലഭിക്കുന്നത് തിരച്ചിലിന് വേഗം കൂടുമെന്നാണ് കണക്കുകൂട്ടല്‍. മഴ മാറിനില്‍ക്കുന്നതും തിരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്.

ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരാണ് ഉള്‍പ്പെട്ടത്. മന്ത്രി എ കെ ബാലന്‍ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും. ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്ന പുത്തുമലയിലും റഡാര്‍ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് പ്രത്യേകം തിരച്ചില്‍ നടത്തുന്നത്. ഇതിനകം പ്രദേശത്തുനിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it