Sub Lead

ലക്ഷദ്വീപ്: കൂട്ടരാജിക്കു പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; അബ്ദുല്ലക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനം

ബിജെപി ചര്‍ച്ചകളിലെ ഓഡിയോ സന്ദേശങ്ങള്‍ കൂട്ടത്തോടെ പുറത്ത്

ലക്ഷദ്വീപ്: കൂട്ടരാജിക്കു പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; അബ്ദുല്ലക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനം
X
കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചതിനു പ്രദേശവാസിയും ചലച്ചിത്ര സംവിധായകയുമായ ഐഷാ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ചൊല്ലി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജിക്കു പിന്നാലെ പൊട്ടിത്തെറി. ബിജെപി ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപ് പ്രഭാരി(ചുമതലയുള്ളയാള്‍)യുമായ എ പി അബ്ദുല്ലക്കുട്ടിക്കെതിരേ അണികളില്‍ രൂക്ഷവിമര്‍ശനമാണുയരുന്നത്. നേതാക്കളടക്കം രാജിവച്ചതിനു പുറമെ, പാര്‍ട്ടിയെ നശിപ്പിക്കാനാണോ അബ്ദുല്ലക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്ന് പ്രാദേശിക ബിജെപി നേതാവ് പറയുന്ന ഓഡിയോ സംഭാഷണം പുറത്തായി. ബിജെപി ലക്ഷദ്വീപ് ഘടകത്തിന്റെ വാട്‌സ് ആപ്പ് ചര്‍ച്ചയിലാണ് അബ്ദുല്ലക്കുട്ടിക്കും ഐഷ സുല്‍ത്താനയ്‌ക്കെതിരേ പരാതി നല്‍കിയ പ്രസിഡന്റ് അബ്ദുല്‍ഖാദറിനുമെതിരേ അണികള്‍ തന്നെ രംഗത്തെത്തിയത്.

ഐഷാ സുല്‍ത്താനയുടെ ജന്മനാടായ ചെത്ത്‌ലാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രാജിയുണ്ടായിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഐഷയ്‌ക്കെതിരേ നീക്കങ്ങള്‍ നടത്തിയ ബിജെപി നേതാവ് കാസ്മിക്കോയ ഒറ്റപ്പെട്ടതായും ചര്‍ച്ചകളില്‍ നിന്നു വ്യക്തമാവുന്നുണ്ട്. എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഞാന്‍ ആയിരം തവണ പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിയെ നശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ലെന്നുമാണ് ബിജെപി ജനറല്‍ സെക്രട്ടറി ജാഫര്‍ ഷാ പറയുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ എന്തെങ്കിലും ദോഷം ചെയ്യുന്ന കാര്യം നടപ്പാക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് പാര്‍ട്ടിയാണ്. കുറേ പേര്‍ക്ക് പണവും ശമ്പളവും കിട്ടുന്നുണ്ട്. അവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കും. നിരവധി തവണ പ്രഭാരി(അബ്ദുല്ലക്കുട്ടി)യോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഐഷ സുല്‍ത്താനയ്‌ക്കെതിരേ പരാതി കൊടുക്കേണ്ടെന്നും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും യോഗത്തില്‍ പറഞ്ഞതായി മറ്റൊരു പ്രാദേശിക നേതാവ് അഡ്വ. മുത്തുക്കോയ പറയുന്നുണ്ട്. പാര്‍ട്ടി പ്രസിഡന്റിനും പ്രഭാരിക്കും സന്ദേശം അയച്ചിരുന്നു. ഐഷയ്‌ക്കെതിരേ പ്രതിഷേധം വേണ്ടെന്നും പറഞ്ഞിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.


അഡ്മിനിസ്‌ട്രേറ്ററുമായി കൂടിക്കാഴ്ച നടത്തിയ ബിജെപി നേതാക്കള്‍ക്കും ഇതിനു പുറമെ മുഹമ്മദ് ഫൈസല്‍ എംപി, കാന്തപുരം അബൂബക്കര്‍ മുസ് ല്യാര്‍ എന്നിവര്‍ക്ക് ഉറപ്പുനല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും അതിലെ സത്യാവസ്ഥയെയും ചര്‍ച്ചയില്‍ ബിജെപി പ്രവര്‍ത്തകന്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനു ശേഷവും ഓരോ ദിവസവും നിയമങ്ങള്‍ നടപ്പാക്കുകയാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം, പാര്‍ട്ടിയുടെ ചര്‍ച്ചയില്‍ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിക്കാന്‍ പറഞ്ഞെങ്കിലും ഐഷ സുല്‍ത്താനയ്‌ക്കെതിരേ പരാതി കൊടുക്കാന്‍ പറഞ്ഞിട്ടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നതാണ് നല്ലതെന്നും ജാഫര്‍ ഷാ പറയുന്നുണ്ട്. ഐഷ പ്രയോഗിച്ച ബയോ വെപ്പണ്‍ എന്ന പ്രയോഗം രാജ്യദ്രോഹപരമാണോയെന്നും ഇദ്ദേഹം ചോദിക്കുന്നുണ്ട്.

ഇതിനു എ പി അബ്ദുല്ലക്കുട്ടിയുടെ മറുപടിയില്‍ പരാതി പിന്‍വലിക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടിയുടെ ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ എല്ലാ വീടുകളിലും പ്ലക്കാര്‍ഡ് പിടിച്ച് പ്രതിഷേധിച്ചിരുന്നു. അതില്‍ പരമാവധി പേര്‍ പങ്കെടുത്തെന്നും പ്രഭാരി ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ലെന്നും അബ്ദുല്ലക്കുട്ടി പറയുന്നുണ്ട്. കമ്മിറ്റി യോഗത്തില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. രാജ്യദ്രോഹം വേണമെന്നോ 123 എ വകുപ്പ് വേണമോ എന്നൊന്നും പരാതിയില്‍ പറയുന്നില്ല. നേതാക്കളെല്ലാം തീരുമാനിച്ചാണ് പരാതി കൊടുത്തത്. അത് പിന്‍വലിക്കണമെന്നാണോ പറയുന്നത്. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത യോഗം ചേര്‍ന്നിരുന്നു. അതില്‍ വിശദമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. ജനറല്‍ സെക്രട്ടറി കാസിം കോയയാണ് ആദ്യം പരാതി കൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും അബ്ദുല്ലക്കുട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ട്. പൊതുതീരുമാന പ്രകാരമാണ് പരാതി. അത് മനസ്സിലാക്കാതെ വികാരപരമായി അഭിപ്രായം പ്രകടിപ്പിച്ചാല്‍ എന്തു ചെയ്യുമെന്നാണ് അബ്ദുല്ലക്കുട്ടി ചോദിക്കുന്നത്.

നൂറു ശതമാനം മുസ് ലിംകള്‍ താമസിക്കുന്ന ലക്ഷദ്വീപില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കി അവരെ ഉന്‍മൂലനം ചെയ്യാനാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ബയോ വെപ്പണ്‍ പ്രയോഗിക്കുന്നുവെന്നും പറഞ്ഞതിനെതിരേ ബിജെപി പ്രതിഷേധിക്കേണ്ടെന്നാണോ പറയുന്നതെന്നും മറ്റൊരാള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഉറപ്പിലെ സത്യാവസ്ഥ സംബന്ധിച്ചും ചര്‍ച്ചയ്ക്കിടെ ചോദ്യം ഉയര്‍ത്തുന്നുണ്ട്. പരാതി കൊടുക്കാന്‍ തീരുമാനിച്ച കാര്യം സാധാരണ അംഗങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും യോഗ തീരുമാനങ്ങളും അറിഞ്ഞിട്ടില്ലെന്നും ഒരാള്‍ വിമര്‍ശിക്കുന്നുണ്ട്.


അതിനിടെ, ഐഷയ്‌ക്കെതിരേ ബിജെപി ആഹ്വാനപ്രകാരം പ്ലക്കാര്‍ഡ് പ്രതിഷേധത്തില്‍ പങ്കെടുത്തതിലും ഖേദം പ്രകടിപ്പിച്ചും ബിജെപിയുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും രാജവയ്ക്കുന്നതായി ആന്ത്രോത്തിലെ മുഹമ്മദ് അബ്ദുന്നാസിറും സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. തീരുമാനം പുനപരിശോധിക്കണമെന്നും അല്ലാത്തപക്ഷം പാര്‍ട്ടിയെ ഭിന്നിപ്പിക്കാനും വിഘടിപ്പിക്കാനുമുള്ള ഗുഢനീക്കമാണ് ഇതെന്നും മറ്റൊരാള്‍ വിമര്‍ശിക്കുന്നുണ്ട്.

അതേസമയം, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുന്ന ദിവസം എല്ലാവരും കറുത്ത മാസ്‌ക് ധരിച്ച് വീട്ടുമുറ്റത്ത് കറുത്ത പതാക നാട്ടി പ്രതിഷേധിക്കാന്‍ സേവ് ലക്ഷദ്വീപ് കൂട്ടായ്മ തീരുമാനിച്ചു. ജനപ്രതിനിധികളും പൊതുജനങ്ങളും അഡ്മിനിസ്‌ട്രേറ്ററുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുക, ഡ്രാഫ്റ്റുകളും ഓര്‍ഡറുകളും പിന്‍വലിക്കുക എന്ന പ്ലക്കാര്‍ഡ് വീട്ടുമുറ്റത്ത് സ്ഥാപിക്കുക, ഇതിന്റെയെല്ലാം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക എന്നാണ് നിര്‍ദേശം.

Lakshadweep: BJP workers Criticism against Abdullakutty




Next Story

RELATED STORIES

Share it