Sub Lead

ഹൃദയഭേദകം; കൂട്ടിക്കലില്‍ ദുരന്തം കവര്‍ന്നെടുത്ത ആറംഗ കുടുംബത്തിന് നാടിന്റെ വിട

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്ന ബന്ധുക്കള്‍ ദു:ഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. ഇത് കണ്ട് സുഹൃത്തുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. പാലക്കാടുള്ള ബന്ധുക്കളെത്തിയ ശേഷമാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. ഉണ്ടുറങ്ങിയ വീട് പോലും ഉരുള്‍പൊട്ടലില്‍ അപ്രത്യക്ഷമായി.

ഹൃദയഭേദകം; കൂട്ടിക്കലില്‍ ദുരന്തം കവര്‍ന്നെടുത്ത ആറംഗ കുടുംബത്തിന് നാടിന്റെ വിട
X

കോട്ടയം (മുണ്ടക്കയം): കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തം കവര്‍ന്നെടുത്ത ആറംഗ കുടുബത്തിന് നാട് കണ്ണീരോടെ യാത്രാമൊഴി നല്‍കി. ചേതനയറ്റ ശരീരങ്ങള്‍ക്ക് മുന്നില്‍ ഒരുനാട് മുഴുവന്‍ തേങ്ങുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ് കൂട്ടിക്കല്‍ ഗ്രാമം സാക്ഷിയായത്. കാവാലി മാര്‍ട്ടിന്‍, അമ്മ ക്ലാരമ്മ, ഭാര്യ സിനി മക്കളായ സ്‌നേഹ, സോന, സാന്ദ്ര തുടങ്ങിയവരുടെ ജീവനുകളാണ് കുത്തിയൊലിച്ചെത്തിയ ഉരുള്‍ കൊണ്ടുപോയത്. കാവാലി സെന്റ് മേരീസ് പള്ളിയുടെ നടുത്തളത്തില്‍ അലങ്കരിച്ച പെട്ടികളില്‍ അന്ത്യയാത്ര നല്‍കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ളവര്‍ ഒഴുകിയെത്തി.

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്ന ബന്ധുക്കള്‍ ദു:ഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. ഇത് കണ്ട് സുഹൃത്തുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. പാലക്കാടുള്ള ബന്ധുക്കളെത്തിയ ശേഷമാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. ഉണ്ടുറങ്ങിയ വീട് പോലും ഉരുള്‍പൊട്ടലില്‍ അപ്രത്യക്ഷമായി. അവസാനമായി മൃതദേഹമെത്തിക്കാന്‍ സ്വന്തമായി വീട് പോലും ബാക്കിയുണ്ടായില്ല. അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ നേരെ പള്ളിയിലേക്കാണ് ആദ്യമെത്തിച്ചത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍.

പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കല്ലറയില്‍ അടക്കം ചെയ്തു. ആറുപേരുടെയും മൃതദേഹങ്ങള്‍ രണ്ട് കല്ലറകളിലായാണ് അടക്കിയത്. കാവാലി സെന്റ് മേരീസ് പള്ളിയും വിശ്വാസികളും സമാനമായ സംസ്‌കാര ചടങ്ങിന് ഇതുവരെ സാക്ഷിയായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി എന്‍ വാസവന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിനും കുടുംബവും അപകടത്തില്‍പ്പെടുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മാര്‍ട്ടിന്റെ മൂന്നുമക്കളും തമ്മില്‍ രണ്ട് വയസ്സിന്റെ പ്രായവ്യത്യാസമാണുള്ളത്. അതിനാല്‍തന്നെ മൂവരും തമ്മില്‍ നല്ല കൂട്ടായിരുന്നു. മരണത്തിലും ഇവരെ വേര്‍പിരിക്കാനായില്ല എന്നത് ബന്ധുക്കള്‍ക്കും നാടിനും മരണത്തോളം വേദനയായി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം സംസ്‌കാര ശുശ്രൂഷകള്‍ക്കായി നേരെ പള്ളിയിലേക്ക് എത്തിക്കുകയായിരുന്നു.

വീട്ടിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് എടുക്കാറുള്ളത്. ഉരുള്‍പൊട്ടലില്‍ വീടൊന്നാകെ ഒലിച്ചുപോയതിനാല്‍ അവസാന യാത്രയ്ക്കായി മൃതദേഹങ്ങള്‍ വീട്ടിലേക്ക് എത്തിക്കാനുമായില്ല. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്‍, അഡ്വ. മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ, ജില്ലാ പോലിസ് മേധാവി ഡി ശില്‍പ, എഡിഎം ജിനു പുന്നൂസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്ത്, ജില്ലാ പഞ്ചായത്തംഗം പി ആര്‍ അനുപമ എന്നിവരുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it