Sub Lead

ജോളിക്ക് മറ്റൊരു മരണത്തില്‍കൂടി പങ്ക്?, ക്രൈംബ്രാഞ്ച് മരിച്ചയാളുടെ വീട്ടിലെത്തി

കോഴിക്കോട് എന്‍ഐടിക്ക് അടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മണ്ണിലേതില്‍ രാമകൃഷ്ണന്റെ മരണമാണ് ഇപ്പോള്‍ സംശയത്തിലായിരിക്കുന്നത്.

ജോളിക്ക് മറ്റൊരു മരണത്തില്‍കൂടി പങ്ക്?, ക്രൈംബ്രാഞ്ച് മരിച്ചയാളുടെ വീട്ടിലെത്തി
X

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിക്ക് മറ്റൊരു മരണത്തില്‍ കൂടി പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. കോഴിക്കോട് എന്‍ഐടിക്ക് അടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മണ്ണിലേതില്‍ രാമകൃഷ്ണന്റെ മരണമാണ് ഇപ്പോള്‍ സംശയത്തിലായിരിക്കുന്നത്.

ജോളിക്കും ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന സുഹൃത്തിനും രാമകൃഷ്ണനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അച്ഛന്‍ തട്ടിപ്പിനിരയായെന്നും ഭൂമി വിറ്റ വകയില്‍ അച്ഛന് കിട്ടിയ 55 ലക്ഷം രൂപ കാണാതായിട്ടുണ്ടെന്നുമുള്ള മകന്‍ രോഹിത്തിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

ക്രൈംബ്രാഞ്ച് സംഘം രാമകൃഷ്ണന്റെ വീട്ടിലെത്തി രോഹിത്തിന്റെയടക്കം മൊഴിയെടുത്തു. ജോളിയും ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന യുവതിക്കും രാമകൃഷ്ണനുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. പണം തട്ടിയിട്ടുണ്ടെന്ന രോഹിത്തിന്റെ പരാതിയില്‍ ജോളിയില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നാണ് സൂചന.

2008ലാണ് സ്വത്ത് വിറ്റ പണം നഷ്ടമായതെന്നാണ് രോഹിത് ഉന്നയിക്കുന്നത്. അതേസമയം, പണം തട്ടിപ്പുമായി മാത്രമാണ് തങ്ങള്‍ക്ക് പരാതിയെന്നും മരണത്തില്‍ സംശയമില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. 2008ലാണ് രാമകൃഷ്ണന്‍ തട്ടിപ്പിനിരയായത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാമകൃഷണന്‍ 2016 മെയ് 17നാണ് മരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു മരണം.

അന്നേദിവസം, രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണന്‍ രാത്രി വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വായില്‍ നിന്ന് വെള്ളം പുറത്ത് വന്ന് രാമകൃഷ്ണന്‍ മരിക്കുകയായിരുന്നു. 62 വയസായിരുന്നു മരിക്കുമ്പോള്‍ രാമകൃഷ്ണന്റെ പ്രായം. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന രാമകൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്നു.

രാമകൃഷ്ണന്റെ മരണത്തില്‍ യാതൊരു ദുരൂഹതയും കുടുംബത്തിന് ഇല്ല. ഹൃദയാഘാതം മൂലമാണ് രാമകൃഷ്ണന്‍ മരിച്ചതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. എന്നാല്‍ രാമകൃഷ്ണന്റെ മകനോ ഭാര്യയോ പരാതി നല്‍കിയിട്ടില്ലെങ്കിലും കൂടത്തായി കൂട്ടക്കൊല അന്വേഷണത്തിനിടെ ജോളിയേയും രാമകൃഷ്ണനുമായി ബന്ധിപ്പിക്കുന്ന ചില വിവരങ്ങള്‍ അന്വേഷണത്തിന് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കുന്ദമംഗലം മേഖലയില്‍ വലിയ ഭൂസ്വത്തുള്ള രാമകൃഷ്ണന് കടമുറികളടക്കം നിരവധി വസ്തുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. ഇക്കാലയളവില്‍ വസ്തു വിറ്റ വകയില്‍ കിട്ടിയ 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്നാണ് മകന്റെ പരാതിയിലുള്ളത്.

Next Story

RELATED STORIES

Share it