Sub Lead

കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി; യോഗി സര്‍ക്കാരിന്റെ വികസന പരസ്യം വിവാദത്തില്‍

കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലേതെന്ന വ്യാജേന പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് പരസ്യത്തിലെ പിഴവ് ഏറ്റെടുത്ത് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇന്ന് ഫുള്‍പേജായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരസ്യം നല്‍കിയത്.

കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി; യോഗി സര്‍ക്കാരിന്റെ വികസന പരസ്യം വിവാദത്തില്‍
X

ലഖ്‌നോ: ലഖ്‌നോ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യം വിവാദത്തില്‍. കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലേതെന്ന വ്യാജേന പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് പരസ്യത്തിലെ പിഴവ് ഏറ്റെടുത്ത് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇന്ന് ഫുള്‍പേജായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരസ്യം നല്‍കിയത്.

രാജ്യത്തിന്റെ വികസനത്തില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നായ യുപിയെ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്‌സിയും കണ്ടതോടെയാണ് ചിത്രത്തില്‍ കാണുന്ന പാലം സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ നിര്‍മിച്ച മാ ഫ്‌ളൈ ഓവര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരസ്യം വൈറലായി. പരസ്യത്തിലെ ഒരേ ഫ്‌ളൈ ഓവറിന്റെ രണ്ട് കെട്ടിടങ്ങളും ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ശൃംഖലയില്‍പെട്ടവയാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

യോഗി സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതോടെ സംഭവം രാഷ്ട്രീയകേന്ദ്രങ്ങളിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ എംഎഎ ഫ്‌ളൈ ഓവര്‍, ഞങ്ങളുടെ ജെഡബ്ല്യു മാരിയറ്റ്, ഞങ്ങളുടെ മഞ്ഞ ടാക്‌സികള്‍ എന്നിവ യുപിയുടെ പരസ്യത്തില്‍! നിങ്ങളുടെ ആത്മാവിനെ മാറ്റുക അല്ലെങ്കില്‍ കുറഞ്ഞത് നിങ്ങളുടെ പരസ്യ ഏജന്‍സിയെ മാറ്റുക. നോയിഡയില്‍ എനിക്കെതിരേ എഫ്‌ഐആറുകള്‍ക്കായി കാത്തിരിക്കുന്നു'- തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര ട്വീറ്റ് ചെയ്തു. യോഗി മമതയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണോ അതോ യഥാര്‍ഥ വികസനം തിരിച്ചറിഞ്ഞോ എന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിര്‍ഹാദ് ഹക്കിം പരിഹസിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദര്‍ശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ഥ വികസനം മനസ്സിലായതെന്നും ഗതാഗത മന്ത്രി ട്വീറ്റ് ചെയ്തു. യുപിയുടെ മാറ്റമെന്നത് ബംഗാളിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ചിത്രങ്ങള്‍ മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്നാണ് മമതയുടെ അനന്തിരവനും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുടെ പരിഹാസം. ഇരട്ട എന്‍ജിന്‍ മോഡല്‍ പൂര്‍ണമായി തകര്‍ന്നു. ബിജെപിയുടെ ശക്തികേന്ദ്രത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമായെന്നും അഭിഷേക് ബാനര്‍ജി വിമര്‍ശിച്ചു. 'കൊല്‍ക്കത്തയില്‍നിന്നുള്ള ഹൈവേ, അമേരിക്കയില്‍നിന്നുള്ള ഫാക്ടറി... ഉത്തര്‍പ്രദേശിനെ നാഗ്പൂരി മാജിക് വഴിമാറ്റുന്നു'- യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് പരിഹസിച്ചു.

മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്ത് പാര്‍ട്ടിയെ രക്ഷിക്കാന്‍ മോദിക്ക് കഴിയുന്നില്ലെന്നാണ് ബിജെപിയില്‍ ചേര്‍ന്ന ശേഷം തൃണമൂലിലേക്ക് മടങ്ങിയ മുകുല്‍ റോയ് പരിഹസിച്ചത്. തെറ്റായ ചിത്രമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്നും ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡിജിറ്റല്‍ എഡിഷനുകളില്‍നിന്ന് ചിത്രം പിന്‍വലിക്കുന്നുവെന്നും ഇന്ത്യന്‍ എക്‌സ്‌പ്രെസ് ട്വീറ്റ് ചെയ്തു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ക്ഷമാപണം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it