Sub Lead

കെ എം ബഷീറിന്റെ മരണം; പരാതിക്കാരനെ കുറ്റപ്പെടുത്തി പോലിസ് റിപോര്‍ട്ട്

സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാന്‍ തയ്യാറായില്ലെന്നും വഫാ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂവെന്ന് പറഞ്ഞതായും റിപോര്‍ട്ടിലുണ്ട്

കെ എം ബഷീറിന്റെ മരണം; പരാതിക്കാരനെ കുറ്റപ്പെടുത്തി പോലിസ് റിപോര്‍ട്ട്
X

തിരുവനന്തപുരം: മുന്‍ സര്‍വേ ഡയറക്്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പരാതിക്കാരനെ കുറ്റപ്പെടുത്തി പോലിസ് റിപോര്‍ട്ട്. പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകാന്‍ കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലുള്ളത്. മാത്രമല്ല, പോലിസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിറാജ് ദിനപത്രം മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ബഷീര്‍ മരണപ്പെട്ടശേഷം സിറാജ് ദിനപത്രം മാനേജര്‍ മൊഴി നല്‍കാന്‍ വൈകിയെന്നും ഇതുകാരണം വാഹനമോടിച്ചയാളുടെ രക്തപരിശോധന വൈകിയെന്നുമുള്ള വിചിത്രവാദമാണ് റിപോര്‍ട്ടിലുള്ളത്. അതിനുപുറമെ, തുടക്കംമുതല്‍ കേസ് നടപടികള്‍ വൈകിപ്പിച്ചതിനെ ന്യായീകരിക്കുകയാണ് പോലിസ് ചെയ്തത്.

സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാന്‍ തയ്യാറായില്ലെന്നും വഫാ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂവെന്ന് പറഞ്ഞതായും റിപോര്‍ട്ടിലുണ്ട്. പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നും വിശദീകരിക്കുന്നുണ്ട്. ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് നിരവധി തവണ രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ വിസമ്മതിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു. സാധാരണ നിലയില്‍ വാഹനാപകടമുണ്ടായി ഒരാള്‍ മരണപ്പെട്ടാല്‍ പോലിസിന് സ്വമേധയാ കേസെടുത്ത് നടപടിക്രമങ്ങളുമായി മുന്നോട്ടുപോവാമെന്നിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പുതിയ വാദങ്ങളെന്നതും ശ്രദ്ധേയമാണ്. സംഭവത്തില്‍ മ്യൂസിയം പോലിസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തുകയും എസ്‌ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. രക്ത പരിശോധന നടത്തുന്നതിലും എഎഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതില്‍ വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതിനെല്ലാം വിപരീതമാണ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ട്.



Next Story

RELATED STORIES

Share it